പതിമൂന്നു വര്ഷം മുൻപ് എന്നെയും രണ്ട് സഹോദരിമാരെയും തനിച്ചാക്കി എൻറെ മാതാപിതാക്കൾ ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ ജീവിതം ശൂന്യമായിരുന്നു

0
7710

ഞാൻ ആശ , ഇന്ന് ( 30 / 12 / 2019 ) എൻറെ വിവാഹമാണ് .പതിമൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഏഴാം ക്ലാസുകാരിയായ എന്നെയും രണ്ട് സഹോദരിമാരെയും തനിച്ചാക്കി എൻറെ മാതാപിതാക്കൾ ഈ ലോകത്തോട് സ്വയം വിടപറഞ്ഞപ്പോൾ ഞങ്ങളുടെ ജീവിതം ശൂന്യമായിരുന്നു .ഞങ്ങൾ മൂവരും ഇരുട്ടിൻറെ അഗാധതയിലേയ്ക്ക് വീണുപോയി .ഭയം ഞങ്ങളെ വേട്ടയാടി.മൂന്നു പെൺകുട്ടികളുടെ ഭാവിജീവിതം എന്താവുമെന്ന ചോദ്യചിഹ്നം ഞങ്ങളെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.അതോടൊപ്പം ആത്മഹത്യാ മുനമ്പിലേയ്ക്ക് പോവാമെന്ന ചിന്ത ഞങ്ങളെ മാടിവിളിച്ചു.

അപ്പോഴാണ് കരഞ്ഞു കണ്ണീർവറ്റിയ ഒരു പകലിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഞങ്ങളെത്തേടി കലയപുരം ജോസും ഭാര്യ മിനിജോസും എത്തിയത് .സ്നേഹത്തോടെ അവർ ഞങ്ങളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.അവർ ഞങ്ങളുടെ പുതിയ മാതാപിതാക്കളായി.സ്നേഹവും,ശാസനയും , സാന്ത്വനവും സമാസമം ചാലിച്ച് കൊട്ടാരക്കര ആശ്രയ എന്ന വലിയ പ്രസ്ഥാനത്തിൻറെ തണലിൽ നിന്ന് ഞങ്ങൾ പഠിച്ചു. ഇന്ന് എൻറെയും സഹോദരിമാരുടെയും ജീവശ്വാസത്തിൽ ആശ്രയയെന്ന പേരും,കലയപുരം ജോസും,മിനി ജോസും പിന്നെ പേരറിയാ സുമനസ്സുകളുടെ പ്രാർത്ഥനയും കലർന്നിട്ടുണ്ട് .

വലിയ കഷ്ടപ്പാടുകൾക്കിടയിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന ആശ്രയ പ്രസ്ഥാനം എന്നെ ജനറൽ നഴ്സിംഗ് ബിരുദധാരിയാക്കി.എൻറെ ചേച്ചിയെ ബി.എസ്.സി നഴ്സിംഗ് വരെ പഠിപ്പിച്ചു ജോലിയാക്കി.ഇന്നവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.സന്തുഷ്ടമായൊരു കുടുംബജീവിത നയിച്ചുവരുന്നു.എൻറെ അനിയത്തി നാച്ചുറോപ്പതി മെഡിസിന് പഠിച്ചുകൊണ്ടിരിക്കുന്നു.

ഞാൻ നാളെ വിവാഹപ്പന്തലിലേയ്ക്ക് പ്രവേശിക്കുകയാണ്.കഷ്ടപ്പാടുകളുടെയും വേദനകളുടയും ഒരു ഭൂതകാലമുണ്ടായിരുന്നു എനിയ്ക്ക്.എന്നാലിന്ന് ഞാൻ സന്തോഷവതിയാണ്.ഭാവിജീവിതം തന്നെ തുലാസിലായ എനിയ്ക്കും സഹോദരിമാർക്കും പ്രതീക്ഷനൽകിയതും കരുത്തുപകർന്നതും ആശ്രയയെന്ന മഹാപ്രസ്ഥാനമാണ്.ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കിയ ആശ്രയയ്ക്കും ഞങ്ങളുടെ പപ്പയ്ക്കും മമ്മിയ്ക്കും എൻറെ ജീവശ്വാസം ഉള്ളിടത്തോളം കാലം ഞാൻ നന്ദിയുള്ളവളായിരിക്കും.അതോടൊപ്പം ഈ പ്രസ്ഥാനത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുമനസുകൾക്കും എൻറെ സ്നേഹവും കടപ്പാടും അറിയിക്കുന്നു.എൻറെ കുടുംബജീവിതം സന്തോഷപ്പൂർണ്ണമാവാൻ ഏവരുടെയും പ്രാർത്ഥന ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.

സ്നേഹപൂർവ്വം
ആശ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here