ഇന്ന് വിവാഹമോചിതയാകുന്നു എന്റെ കിടപ്പുമുറിയിലെ ചുമരുകൾക്ക് സംസാരിക്കാൻ കഴിവ് ഉണ്ടായിരുന്നെങ്കിൽ അവർ സംസാരിക്കുമായിരുന്നു

0
126337

മൂന്നുവർഷത്തെ പീഡനങ്ങൾ നിറഞ്ഞ വിവാഹ ബന്ധത്തിന് ഇന്ന് അന്ത്യം.ഇന്ന് ഞാൻ വിവാഹമോചിതയാണ്.ഒന്നര വയസ്സുകാരിയുടെ അമ്മയാണ്.വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ വെറുക്കപ്പെട്ടവൾ ആണ്.എന്താണ് ഞാൻ ചെയ്ത കുറ്റം.ഒരു മാനസിക രോഗിയുടെ കൂടെ ഉള്ള ജീവിതം വേണ്ട എന്ന് വെച്ചത് ആണോ.?അയാൾ നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ നല്ലവനാണ്.ഭാര്യക്കും മോൾക്കും വേണ്ടി ജീവിക്കുന്നവൻ അവരെ പൊന്നുപോലെ നോക്കുന്നവൻ.ഞങ്ങളുടെ കിടപ്പുമുറിയിലെ ചുമരുകൾക്ക് സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ.അവർ എനിക്കുവേണ്ടി സംസാരിക്കുമായിരുന്നു.അയാളുടെ യഥാർത്ഥ മുഖം സമൂഹത്തിനുമുന്നിൽ വലിച്ചു കീറും ആയിരുന്നു.ഞാൻ ഒരു സാധാരണ പെൺകുട്ടിയായിരുന്നു.ഏതൊരു പെൺകുട്ടിക്ക് ഉണ്ടാകുന്ന പോലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൽ എനിക്കുമുണ്ടായിരുന്നു.

ഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛൻ എനിക്ക് വേണ്ടിയുള്ള വിവാഹ ആലോചനകൾ തുടങ്ങി.ഏറ്റവും മികച്ചത് എന്ന് തോന്നിയത് അച്ഛൻ തെരഞ്ഞെടുത്തു അയാളെ മരുമകൻ ആക്കാൻ അച്ഛനായിരുന്നു തിരക്ക്.അച്ഛൻറെ മൂന്ന് മക്കളിൽ മൂത്തവൾ ആണ് ഞാൻ.ആൺകുട്ടികൾ ഇല്ലാത്ത അച്ഛനും അമ്മയ്ക്കും.എന്നെ കല്യാണം കഴിക്കുന്ന ആൾ സ്വന്തം മകനെ പോലെ ആകണം എന്ന് ഉണ്ടായിരുന്നു.അതുകൊണ്ട് കൂടിയാണ് വരുൺ ഏട്ടൻറെ ആലോചന അവർക്ക് ഇഷ്ടപ്പെടാനുള്ള കാരണം.സർക്കാർ കോളേജിൽ അധ്യാപകനാണ് സ്വന്തമായി നല്ലൊരു വീട് ഉണ്ട്. നാട്ടുകാർക്കും വീട്ടുകാർക്കും നല്ല അഭിപ്രായം മാത്രമേ ആളെ കുറിച്ച് പറയാനുള്ളൂ.രണ്ടു വർഷങ്ങൾക്കു മുമ്പുള്ള കാർ അപകടത്തിൽ അയാളുടെ അച്ഛനും അമ്മയും മരിച്ചു.

അതിനുശേഷം ഒറ്റക്കാണ് ജീവിതം.എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട് നല്ല ശമ്പളം ഉണ്ട്..എന്നിട്ടും മാന്യമായി ജീവിക്കുന്നു ഒരു ചീത്ത കൂട്ടുകെട്ടും ഇല്ല.അയൽവാസികൾ മക്കളോട് പറയുന്നു വരുൺ മോനെ കണ്ടു പഠിക്ക് എന്ന്.അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.ആദ്യരാത്രിയിൽ നല്ലൊരു ജീവിതം സ്വപ്നം കണ്ടു. മുറിയിലേക്ക് കയറിയ ഞാൻ കണ്ട കാഴ്ച.മദ്യക്കുപ്പികൾ ക്കിടയിൽ കുടിച്ച് ബോധമില്ലാതെ കിടക്കുന്ന എൻ്റെ ഭർത്താവ് എൻ്റെ സ്വപ്നങ്ങൾ അവിടെ മണ്ണടിയുക ആയിരുന്നു.അന്നത്തെ രാത്രി കരഞ്ഞു തീർത്തു ഞാൻ..അനു എന്ത് ഉറക്കം ആണ് ഇത്…? സമയം എത്രയായി എന്നറിയുമോ..?ഇന്ന് അല്ലെ അച്ഛനും അമ്മയും അനിയത്തിമാരും നമ്മളെ കാണാൻ വരുന്നത് വേഗം എഴുന്നേറ്റ് കുളിക്കാൻ നോക്ക്.

എൻ്റെ ഭർത്താവിൻറെ സ്നേഹത്തോടെയുള്ള ശകാരം കേട്ടാണ് ഞാൻ ഉണർന്നത്.ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി ഞാൻ ഇന്നലെ കണ്ടത് ഒരു ദുഷിച്ച സ്വപ്നം മാത്രമാണോ..?ഇന്നലെ എൻ്റെ ഈ ഭർത്താവ് തന്നെയാണോ കുടിച്ച് ബോധമില്ലാതെ കിടക്കുന്നത് ഞാൻ കണ്ടത്…?നിലത്തു കിടക്കുന്ന മദ്യക്കുപ്പികൾ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇന്നലെ കണ്ടത് ഒരു ദുഷിച്ച സ്വപ്നമല്ല എന്ന്.ഞാൻ എപ്പോഴാണ് ഉറങ്ങിപ്പോയത്.ഞാൻ എന്നോട് തന്നെ ചോദിച്ചു പക്ഷേ ഓർമ്മ കിട്ടുന്നില്ല.ഞാൻ എഴുന്നേറ്റു വേഗം റെഡി ആക്കണം അച്ഛനുമമ്മയും വരുമ്പോഴേക്കും.കുളികഴിഞ്ഞ് വരുൺ ഏട്ടന് ഉള്ള ചായയുമായി ഞാൻ റൂമിലേക്ക് ചെന്നു പക്ഷേ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.സിറ്റൗട്ടിൽ പോയി നോക്കിയപ്പോൾ അവിടെ ഇരുന്നു പത്രം വായിക്കുന്നു ഉണ്ടായിരുന്നു.ഞാൻ ചായ അദ്ദേഹത്തിന് കൊടുത്തു.ചായക്കപ്പ് മേടിക്കുമ്പോൾ എൻറെ കൈകളിൽ മെല്ലെ ഒന്നു തൊട്ടു.

എന്നിട്ട് വരുൺ ഏട്ടൻ പറഞ്ഞു അനു എന്നോട് ക്ഷമിക്കണം.നമ്മുടെ ആദ്യരാത്രിയാണ് ഞാൻ നശിപ്പിച്ചത്.. I am really sorry ഫ്രണ്ട്സ് നിർബന്ധിച്ചപ്പോൾ പറ്റിപ്പോയതാണ് ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല.അത്രയും മതിയായിരുന്നു എൻറെ മനസ്സ് ശാന്തമാക്കാൻ.സാരമില്ല വരുൺ ഏട്ടാ ഞാൻ അതൊക്കെ മറന്നു.അതോടെ എനിക്ക് സമാധാനമായി.ഫ്രണ്ട്സ് നിർബന്ധിച്ചപ്പോൾ ചെയ്തുപോയ ഒരു തെറ്റ് അതിപ്പോ അത്ര വലിയ കാര്യമാക്കണ്ട ആവശ്യമൊന്നുമില്ല.ഞാൻ വളരെ സന്തോഷത്തോടെ തന്നെ.എല്ലാവർക്കും ഉള്ള ഭക്ഷണം ഉണ്ടാക്കി.പത്തു മണിയായപ്പോൾ അച്ഛനും അമ്മയും അനിയത്തിമാരും വന്നു.വളരെ സന്തോഷത്തോടെയാണ് അവർ തിരിച്ചു പോയത്.പോകാൻ നേരത്ത് അച്ഛൻറെ കൈപിടിച്ച് ഏട്ടൻ പറഞ്ഞു.ഇനിമുതൽ അച്ഛന് മക്കൾ മൂന്നല്ല നാലുപേരാണ് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം.മൂത്തമകനായി കൂടെ ഉണ്ടാകും ഞാൻ എന്നും

അച്ഛൻ മനസ്സറിഞ്ഞ് ഒന്ന് പുഞ്ചിരിച്ചു.അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി.ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു എൻ്റെ അച്ഛൻ ആഗ്രഹിച്ചതു പോലെയുള്ള ഒരു മരുമകനെ നൽകിയതിന്.പക്ഷേ അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ ഈ കാണുന്നതൊന്നുമല്ല യാഥാർത്ഥ്യം എന്ന സത്യം.അന്ന് രാത്രി കിടക്കാൻ വേണ്ടി റൂമിലോട്ട് കയറിയ ഞാൻ എന്തോ ഒന്ന് തലയിൽ ഇടിച്ച് നിലത്തേക്ക് വീണത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളൂ.കണ്ണു തുറന്നപ്പോൾ ഞാൻ കട്ടിലിൽ കിടക്കുകയാണ്…. എൻ്റെ രണ്ടു കൈകളും കട്ടിലിന് രണ്ടുവശത്തും ആയി കെട്ടി വെച്ചിട്ടുണ്ട്.പിന്നീട് അവിടെ നടന്നത് ഒക്കെ ഓർക്കാൻ തന്നെ എനിക്ക് പേടിയാണ്.അന്ന് അവിടെവെച്ച് ഞാൻ അറിയുകയായിരുന്നു വരുൺ എന്ന മാനസിക രോഗിയെ കുറിച്ച്.സ്വന്തം ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാൾ.

അയാൾക്ക് ദേഷ്യം വരുമ്പോൾ എത്രയോവട്ടം എന്നെ കഴുത്തുഞെരിച്ചു കൊല്ലാൻ നോക്കിയിട്ടുണ്ട്.അപ്പോഴൊക്കെ ഞാൻ പ്രാർത്ഥിച്ചിട്ട് ഉണ്ട് ഞാൻ മരിക്കണം എന്ന്.അയാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നത് ആയിരുന്നു എനിക്കിഷ്ടം.പക്ഷേ അയാൾ എൻ്റെ അച്ഛൻറെയും അമ്മയുടെയും മുന്നിൽ എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവായിരുന്നു.അയാളുടെ യഥാർത്ഥ മുഖം അവർക്കു മുന്നിൽ കാണിച്ചു കൊടുക്കാൻ എനിക്ക് സാധിച്ചില്ല.സിനിമ നടന്മാരെ കാളും നന്നായി അയാൾ ജീവിതത്തിൽ അഭിനയിച്ചു.എല്ലാവർക്കും മുന്നിൽ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിനെ മനസ്സിലാക്കാത്ത.. ദുഷ്ടയായ ഭാര്യയായി ഞാൻ.അയാളുടെ കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി ലേബർ റൂമിൽ കിടക്കുമ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട് ഈ പ്രസവത്തോടെ ഞാനും എൻ്റെ കുഞ്ഞുo മരിച്ചു പോകണമെന്ന്.സ്വന്തം കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് കുഞ്ഞിൻറെ മരണം ആഗ്രഹിച്ചു പോയ നിർഭാഗ്യവതിയായ ഒരു അമ്മയാണ് ഞാൻ.

അയാൾ എന്നോട് ചെയ്യുന്ന ഉപദ്രവങ്ങൾ ഒക്കെ എൻറെ മോൾക്കും എൻറെ അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾ ക്കും വേണ്ടി ഞാൻ സഹിച്ചു.പക്ഷേ അയാളുടെ ചോരയിൽ പിറന്ന എൻ്റെ കുഞ്ഞിനെ അയാൾ നിലത്തിട്ട് ചവിട്ടുന്നത് കാണേണ്ടി വന്നപ്പോൾ.ഞാൻ പിന്നെ ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല അയാളെ തള്ളിമാറ്റി എൻ്റെ കുഞ്ഞിനെ എടുത്തു കൊണ്ട് ഞാൻ അയാളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങി..സ്വന്തം വീട്ടിൽ പോലും എനിക്ക് അഭയം ലഭിച്ചില്ല.എൻ്റെ വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ അയാൾ നന്നായിട്ട് അഭിനയിച്ചു.പക്ഷേ കോടതിക്ക് മുന്നിൽ ഒരു ഡോക്ടറുടെ സഹായത്തോടെ അയാൾ ഒരു മാനസിക രോഗി ആണെന്ന് എനിക്ക് തെളിയിക്കാൻ സാധിച്ചു.പക്ഷേ എൻ്റെ അച്ഛനും അമ്മയും അത് വിശ്വസിച്ചില്ല.ഞാൻ അത് ഡോക്ടർക്ക് കാശുകൊടുത്ത് പറയിപ്പിച്ചത് ആണ് എന്നാണ് അവർ വിശ്വസിക്കുന്നത്.

എൻ്റെ കുറച്ച് സുഹൃത്തുക്കളുടെ സഹായം കൊണ്ട് ഇന്നെനിക്ക് ഒരു ജോലിയുണ്ട്.എത്ര കഷ്ടപ്പെടേണ്ടി വന്നാലും ഞാൻ എൻ്റെ കുഞ്ഞിനെ നല്ലതുപോലെ വളർത്തും അവൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കും.എന്നെങ്കിലും എൻറെ അച്ഛനും അമ്മയും സത്യം തിരിച്ചറിഞ്ഞ് എന്നെ തേടി വരും എന്ന പ്രതീക്ഷയിൽ ഞാൻ ജീവിക്കുന്നു.
( അവസാനിച്ചു)
Dr.Sithara .P

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here