രക്തസമ്മര്‍ദ്ദം എന്ന വാക്ക് തന്നെ പേടിയോടെയാണ് മിക്കവരും നോക്കി കാണുന്നത്. സര്‍വ്വവ്യാപിയായി കാണുന്ന ഒരു രോഗാവസ്ഥ എന്ന നിലയിലേക്ക് ഇന്ന് രക്താതിസമ്മര്‍ദ്ദം മാറ്റപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ മാറിയ ജീവിത സാഹചര്യങ്ങളും വര്‍ദ്ധിച്ച മനോസംഘര്‍ഷങ്ങളുമൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ മധ്യവയസ്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണ രക്തസമ്മര്‍ദ്ദം 120/80 മി.മി മെര്‍ക്കുറിക്ക് താഴെയായി നിര്‍ത്തുന്നതാണ് അഭികാമ്യം. ബി. പി. 140/90 ന് മുകളിലേക്ക് ഉയരുന്നതും ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ആനുപാതികമായി കൂടുന്നതിനാല്‍ ചികിത്സ ആവശ്യമാണ്.
ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയായ ഉയര്‍ന്ന ബി. പി. മരുന്നുകള്‍ സേവിച്ച് പെട്ടന്ന് നിയന്ത്രണവിധേയമാക്കാമെങ്കിലും ദീര്‍ഘകാലം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിനാലും ഈ മരുന്നുകള്‍ ബി. പി. കുറയ്ക്കുകയല്ലാതെ രോഗത്തിലേക്ക് നയിച്ച മൂലകാരണങ്ങളെ നിയന്ത്രിക്കുവാന്‍ യാതൊന്നും ചെയ്യാത്തതിനാലും സാധ്യമായവരില്‍ മരുന്നില്ലാതെ ബി. പി. നിയന്ത്രിക്കുന്നതാണ് അഭികാമ്യം. ശക്തികുറഞ്ഞ രക്താതിസമ്മര്‍ദ്ദമുള്ള മിക്കവരിലും ജീവിതശൈലി പുനര്‍ക്രമീകരണത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഇത് സാധ്യമാവുകയും ചെയ്യും. കറിയുപ്പ് ഉപയോഗം 6 ഗ്രാമില്‍ താഴെ നിര്‍ത്തണം.