ഒരു വീടിന് സ്ഥാനം കാണുന്നതിന് ഇന്ന് രാവിലെ കോട്ടയം ഏറ്റുമാനൂരിൽ സുനിൽ ജീജ ദമ്പതികളുടെ വീട്ടിൽ പോയപ്പോൾ ഉണ്ടായ രസകരവും എന്നാൽ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമായ വിഷയത്തിലേയ്ക്ക് കടക്കാം.ദമ്പതികൾ വിട് വയ്ക്കുവാനായി 5 സെന്റ് സ്ഥലം ലോൺ എടുക്കാതെ വാങ്ങി. കയ്യിൽ 3 ലക്ഷം രുപ ബാക്കിയുണ്ട്. അധികം തുക ബാദ്ധ്യത വരുത്തി വീട് നിർമ്മിക്കാൻ ആ ദമ്പതികൾക്ക് താത്പ്പര്യവുമില്ല.
ഒരു കപ്പ് ചായ തന്ന് സംസാരിച്ചിരിക്കുമ്പോൾ ജിജ എന്നോട് ചോദിച്ചു ,സർ ഞങ്ങൾക്ക് അധിക ബാധ്യത ഇല്ലാതെ വീട് നിർമിക്കാൻ കഴിയണം. അങ്ങേയ്ക്ക് എന്ത് സഹായമാണ് ചെയ്യാൻ കഴിയുക? ജിജ മിടുക്കിയാണ് എന്ന് ആ ചോദ്യം തെളിയിക്കുന്നു. പകലന്തിയോളം ജോലി എടുത്ത് ധനം സമ്പാദിക്കുന്ന തന്റെ ഭർത്താവിന്റെ സാമ്പത്തിക വിഭാഗം ചിട്ടയോടെ പ്ലാൻ ചെയ്യുന്ന ഉത്തമ ഭാര്യ!
എന്റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.വാസ്തുശാസ്ത്ര സ്ഥപതി എന്ന നിലയിൽ ഏകദേശം 300 ഓളം വീടുകളിൽ വാസ്തുപരിഹാരവും പുതിയ വീടുകളുടെ നിർമ്മാണ ഉപദേശവും പൂർത്തിയാക്കിയ എന്റെ മനസിൽ രൂപം കൊണ്ടതും ഇതുവരെ നടപ്പിലാക്കാൻ സാധിയ്ക്കാത്തതുമായ ആശയം വെളിച്ചം കാണാൻ സമയം വന്നിരിക്കുന്നു. ഞാൻ ആ ദമ്പതികളുടെ മുന്നിൽ അവതരിപ്പിച്ചു ആ ആശയം.
#ആശയം: #വളരുന്ന #വീട് അതെ ! നാം വളരുകയല്ലേ? നമ്മുടെ വീടും നമ്മുടെ ഒപ്പം വളരട്ടെ. ഉദാഹരണ സഹിതം വ്യക്തമാക്കാം.പണ്ട് കാലം മുതലേ നിലവിലെ വീടിനോട് ചേർന്ന് പുതിയ മുറികൾ ടോയിലറ്റ് എന്നിവ പുതുതായി എടുത്ത് വിട് വലുതാക്കിയിരുന്നു. വളരുന്ന വീട് എന്ന ആശയത്തിൽ ചെയ്യേണ്ടത് വീടിന് വരും ഭാവിയിൽ വളരാൻ വേണ്ട സാഹചര്യം ഒരുക്കി ഇപ്പോഴത്തെ നിർമ്മിതികൾ പൂർത്തിയാക്കുക എന്നതാണ്.
സുനിൽ ,ജിജ അവരുടെ 2 വയസുള്ള മകൾ ഇവർക്ക് വേണ്ടത് ഒരുബെഡ് റൂം, ഒരു അടുക്കള, ഒരു ടോയിലറ്റ് എന്നിവയാണ്.കൂടെ ചെറിയ സിറ്റ് ഔട്ട് + ബൈക്ക് ഷെഡും, ഒരു ചെറിയ ഹാളും (ഈ ഹാൾ അത്യാവശ്യ ഘട്ടത്തിൽ ഒരു കർട്ടൻ വലിച്ചിട്ട് ഒരു കിടപ്പ് മുറിയുടെ ഉപയോഗത്തിൽ കൊള്ളിക്കാം.. ഇത്രയും സൗകര്യങ്ങൾക്ക് ആകെ വേണ്ടത് 500 Sqft മാത്രം ,ചിലവ് ചുരുക്കി നിർമ്മിച്ചാൽ 5 ലക്ഷത്തിൽ ഒതുക്കാം.ലോൺ എടുക്കേണ്ടി വരുന്നത് 2 ലക്ഷം മാത്രം.10 വർഷത്തേയ്ക്ക് ഹൗസിങ്ങ് ലോണായി എടുത്താൽ ഒരു മാസം ലോൺ തിരിച്ചടവ് വേണ്ടി വരുന്നത് 2600 രുപ മാത്രം. വാടകയ്ക്ക് താമസിച്ചാൽ ഉണ്ടാകുന്ന വാടകയുടെ പകുതി പോലും ആകില്ല ഈ തിരിച്ചടവ്.ഈ ദമ്പതികൾക്ക് അടുത്ത കുട്ടി ഉണ്ടാകുമ്പോൾ ഒരു കിടപ്പ് മുറി,ഒരു ടോയലറ്റ് എന്നിവ കൂടി നിർമ്മിച്ച് വീടിനെ വളരാൻ അനുവദിയ്ക്കാം.
അപ്പോൾ ലോൺ തിരിച്ചടവ് കുറെ പൂർത്തിയാകും അപ്പോളേക്കും വരുമാനവും കൂടും .ആദ്യത്തെ നിർമ്മിതി വസ്തു ശാസ്ത്രം അനുസരിച്ചാകുമ്പോൾ ,ആ വീട്ടിൽ താമസിച്ചാൽ ഗൃഹനാഥന്റെ സാമ്പത്തിക സ്ഥിതി ഉറപ്പായും വർദ്ധിയ്ക്കും.പിന്നെ വീടിനെ വളർത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല ! സുനിലിന്റെ വരുമാനം വർദ്ധിയ്ക്കുകയും അയതിനാൽ സുനിലും വീട്ടുകാരും വളരുമ്പോൾ അവരുടെ വീടും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വളരും.തനിയക്ക് ഒപ്പം വളരുന്ന വീടിനോട് സുനിലിന്റെ മകൾക്ക് ഉണ്ടാകാവുന്ന സ്നേഹം എത്ര എന്ന് അളക്കാനും കഴിയില്ല.
വളരെ നാളായി മനസിൽ കൊണ്ടു നടന്ന “വളരുന്ന വീട് “എന്ന ആശയം യഥാർത്ഥത്യമാകുന്ന സന്തോഷം നിങ്ങളോട് പറയാതെ വയ്യ! എന്റെ ആശയം അതേപടി അംഗീകരിയ്ക്കാൻ തയ്യാറായ ദമ്പതികൾ വീട് നിർമ്മാണത്തിൽ ചിലവ് കുറയ്ക്കാനുള്ള എന്റെ ഉപദേശങ്ങൾക്ക് വേണ്ടി വീടുപണിയുയുടെ വിവിധ ഘട്ടങ്ങളിൽ എന്റെ സന്ദർശനം ആവശ്യപ്പെടുകയും ചെയ്തു.
#ശ്രദ്ധിയ്ക്കേണ്ടത്: ഇപ്പോൾ നിർമ്മിക്കുന്നതും, വീടിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ നിർമ്മിക്കണ്ടതുമായ മുറികളുടെ സ്ഥാനം, വലിപ്പം എന്നിവ തുടക്കത്തിലേ വാസ്തു ശാസ്ത്രപ്രകാരം ആസൂത്രണം ചെയ്യേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കണം.
ഈ ആശയം ഞാൻ പല #മാഗസിനുകളിലും ലേഖനങ്ങളായി പങ്ക് വച്ചിട്ടുള്ളതാണ്! ആരും #പിതൃത്വം ഏറ്റെടുക്കണമെന്നില്ല. എന്റെ എഴുത്ത് എന്റെ മാത്രം സൃഷ്ടിയാണ്!. അതിലെ തെറ്റുകളും ശരികളും എന്റെ മാത്രം സംഭാവന തന്നെ ആരും നെറ്റി ചുളിക്കേണ്ടതില്ല.കെട്ടിടം ഘട്ടം ഘട്ടമായി നിർമ്മിക്കുന്ന രീതി പണ്ട് മുതലേ നിലവിലുണ്ട് എങ്കിലും, ഓരോ ഘട്ടത്തിലും വാസ്തു കൃത്യത ഉറപ്പ് വരുത്തിയിരുന്നില്ല പക്ഷെ ഇവിടെ ചെറുതായിരിക്കുമ്പോളും,രണ്ടാം ഘട്ടത്തിൽ വളരുമ്പോളും വാസ്തു തത്വങ്ങൾ പാലിക്കപ്പെടും.ആവശ്യമില്ല എങ്കിൽ വീടിനെ വളർത്തേണ്ടതുമില്ല.ഒന്നാം ഘട്ട വീട് തന്നെ വാസ്തുപരമായി ഉത്തമമാണ്. ആവശ്യമെങ്കിൽ മുന്കൂട്ടി നിശ്ചയിച്ച പ്രകാരം രണ്ടാം ഘട്ടം കൂട്ടിച്ചേർക്കുമ്പോഴും വീട് വാസ്തുപരമായി ഉത്തമമായി തുടരും.ഒരു വലിയ വീടിന് പകരം 2 ചെറിയ വീട് എന്ന ആശയവും വളരുന്ന വീടിന് ഒപ്പം അവതരിപ്പിച്ച് കൊള്ളുന്നു.
കടപ്പാട് : പ്രസൂൻ സുഗതൻ