പിച്ചിചീന്തപെട്ടവളെയാണ് വിവാഹം കഴിക്കാൻ പോവുന്നത് എന്നറിഞ്ഞതിൽ പിന്നെയാണ് അച്ഛൻ അയാളൊട് മിണ്ടാതെയായത്

0
3236

പിച്ചിചീന്തപെട്ടവളെയാണ് വിവാഹം കഴിക്കാൻ പോവുന്നത് എന്നറിഞ്ഞതിൽ പിന്നെയാണ് അച്ഛൻ അയാളൊട് മിണ്ടാതെയായത്.അതിൽ പിന്നെയാണ് ചേട്ടനും ഭാര്യയും വീട്ടിലേക്ക് വരാതെയായത്.പെങ്ങൾ വാവിട്ട് കരഞ്ഞത്.കൂട്ടുകാർ പരിഹാസത്തോടെ ചിരിച്ചത്.ബന്ധുക്കൾ മൂക്കത്തു വിരൽ വെച്ചത്.പക്ഷെ അയാൾ അയാളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് മാറിയില്ല.പത്രതാളുകളിൽ മുഖം മറച്ചു നിൽക്കേണ്ടി വന്നവളെ തിരഞ്ഞു പിടിച്ചു അന്വേഷിക്കുകയായിരുന്നു കരിയില നിറഞ്ഞ മുറ്റത്തു നിന്നും പഴക്കം ചെന്ന വീടിനുള്ളിലേക്ക് കയറി കണ്ണ് കുഴിഞ്ഞ ഒറ്റമുണ്ട് മാത്രമുടുത്ത മെല്ലിച്ച ദേഹമുള്ള മനുഷ്യനോട്.നിങ്ങളുടെ മകളെ വിവാഹം കഴിക്കാൻ എനിക്കാഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോൾ ആ മനുഷ്യൻ വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു ഒരു പരിചയമില്ലാത്ത ആ മനുഷ്യന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ ആ മനുഷ്യൻ വല്ലാതെ കിതച്ചുകൊണ്ട് പറയുണ്ടായിരുന്നു.

ന്റെ കുട്ടീടെ തെറ്റല്ല മോനെ സ്വന്തം കൂടെപിറപ്പിനെ പോലെ കണ്ടൊരുത്തൻ ബാക്കി കേൾക്കാൻ നിൽക്കാതെ ശില പോലെ നിൽക്കുന്നവളുടെ മുഖത്തെക്കു പാളി നോക്കുമ്പോൾ ഒരുവികാരമില്ലാതെയവൾ തരിച്ചു നിൽക്കുന്നുണ്ടായിരുന്നു.ഓട് മേഞ്ഞ വീടിനുള്ളിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ അവൾ വിവാഹത്തെ എതിർക്കുന്നുണ്ട്.മരിച്ചാൽ മതിയെന്ന് പറയുന്നുണ്ട്.ആരേം കാണണ്ട എന്ന് പറയുന്നുണ്ട്.നിസ്സഹായനായി നിൽക്കുന്ന അവളുടെ അച്ഛന്റെ അരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് എല്ലാം അറിഞ്ഞാട്ടാണ് താൻ വന്നെതെന്നും.അവളുടെ ഭൂതകാലത്തെ പറ്റി അറിയണ്ടെന്നും പറഞ്ഞപ്പോൾ ആ മനുഷ്യൻ ബലമില്ലാത്ത കൈകൾ കൂപ്പി നിൽക്കുണ്ടായിരുന്നു.ആരവങ്ങളില്ലാത്ത കല്യാണത്തിന് ചുരുക്കം ചിലർ മാത്രമേ ഉണ്ടായിരുന്നുള്ളു.പരിചയക്കാരുടെ അടക്കിപിടിച്ച സംസാരത്തിനിടയിൽ തലതാഴ്ത്തി നിന്നവളുടെ കഴുത്തിൽ മാല ചാർത്തുമ്പോൾ ഒരു നിമിഷം അയാൾ അയാളുടെ ഏഴ് വർഷങ്ങൾക്കു മുൻപ് മരിച്ച അമ്മയെ ഓർത്തു.

അമ്മയുടെ മോൻ ചെയ്യുന്നത് ശരിതന്നെയാണ് എന്നാണ് വിശ്വാസം” എന്ന് മനസ്സിൽ പറയുണ്ടായിരുന്നു.ആദ്യരാത്രിയിൽ മുറിഅടച്ചു അവളുടെ അടുത്തേക്ക് ചെന്നപ്പോഴാണ് അലറിവിളിച്ചവൾ എണീറ്റത്.എന്റെ ദേഹത്തു തൊട്ടു പോവരുതെന്ന് അവൾ തേങ്ങി പറഞ്ഞപ്പോൾ അയാൾ ഒന്നും മിണ്ടാതെ ജനലരികിലേക്ക് മാറി നിന്നു.സത്യമായും അയാൾ മറ്റൊരു വികാരത്തോടെയുമല്ല അവൾക്കരികിലേക്ക് ചെന്നത്.അവളോട് അയാൾക്ക് സംസാരിക്കണെമന്നുണ്ടയിരുന്നു.അവൾ കരഞ്ഞാൽ ഒന്നാശ്വസിപ്പിക്കണമെന്നുണ്ടയിരുന്നു.നെഞ്ചോട് ചേർക്കണമെന്നുണ്ടായിരുന്നു. അവൾ സമ്മതിച്ചാൽ നെറ്റിയിൽ ഒരു ചുംബനം കൊടുക്കണമെന്നുണ്ടായിരുന്നു. കൂടെയുണ്ട്” എന്ന് പറയണമെന്നുണ്ടായിരുന്നു.

തറയിൽ അരികു പൊട്ടിയ ഒരു പാ വിരിച്ചയാൾ കിടക്കുമ്പോൾ അവൾ മുഖം പൊത്തി കരഞ്ഞുകൊണ്ട് പറയുന്നുണ്ട് വെറുപ്പാണെനിക്ക് എല്ലാരേം.അഴുക്കാണ്”
ഞാൻ.രാവിലെ പാലില്ലാത്ത ഒരു കടും ചായ അവൾക്കരികിലേക്ക് വെച്ചു കൊടുക്കുമ്പോൾ കരഞ്ഞു തളർന്ന കണ്ണുകളുമായി അവൾ അയാളെ എത്തിച്ചു നോക്കുന്നുണ്ടായിരുന്നു.പണിക്കിടയിൽ ചോറുണ്ണാൻ വീട്ടിലേക്ക് വരുംട്ടോ “എന്ന് ചിരിച്ചുകൊണ്ടയാൾ പറയുമ്പോൾ മുഖത്ത് നോക്കാതെയവൾ ദുർബലമായിയൊന്നു മൂളി.ഉച്ചയ്ക്ക് ചെമ്പാവരി വെന്ത ചോറും വെണ്ണ തെളിഞ്ഞു നിന്ന മോരും പാവയ്ക്ക ഉപ്പേരിയും കൂട്ടിയയാൾ തിന്നുമ്പോൾ അടുക്കളയിലെവിടെയോ അവൾ അയാളെ നോക്കികൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

“അമ്മപോയ ശേഷം ഇന്നാണ് രുചിയറിഞ്ഞു കഴിക്കുന്നത് ” എന്ന് കൈ കഴുകികൊണ്ട് ആരോടെന്നില്ലാതെ പറയുമ്പോൾ അവൾക്ക് അയാളോട് സഹതാപം തോന്നി.കൈ കഴുകിയ ശേഷം പുറം തിരിഞ്ഞു നിന്നവളുടെ സാരിത്തുമ്പ് പിടിച്ചു മുഖം തുടച്ചപ്പോഴാണ് ഞെട്ടലോടെ അവൾ നോക്കിയത്.വൈകുന്നേരം പണി കഴിഞ്ഞ വന്ന ശേഷം വീട്ടിലേക്കുള്ള സാധനത്തിന്റെ കൂടെ മിച്ചം വന്ന പൈസ അവളുടെ കയ്യിൽ കൊടുത്തപ്പോഴാണ്.അതിശയത്തോടെ അവൾ അയാളെ നോക്കിയത് രാവിലെ തന്നെ അടുക്കളയിൽ ആവശ്യമുള്ള വെളളം കോരിവെച്ച ശേഷം അയാൾ പറയുണ്ട്… “പറമ്പിൽ പോയി കോരാൻ നിക്കണ്ട പഴയ കിണറാണ് തെന്നൽ ഉണ്ടാവും ട്ടോ” അപ്പോഴാണ് അത്‌ കേട്ടപ്പോഴാണ് നിറഞ്ഞ മനസ്സോടെ അവൾ അയാളെ നോക്കിയത്.

മഴ പെയ്ത ഒരു രാത്രിയിലാണ് അവൾ ഉറങ്ങിയെന്നു കരുതി ഒരു പുതപ്പെടുത്തു അവളുടെ മേലെ വിരിച്ചത്.. അത്‌ കണ്ടിട്ടാണ് തെല്ലൊരു ഇഷ്ടത്തോടെ അവൾ തലയണയെ മുറുക്കെ പിടിച്ചത്.മാസമുറയിൽ എപ്പോഴോ വയറുനൊന്തു പുളഞ്ഞപ്പോഴാണ് അയാൾ ചുക്കിട്ട കാപ്പി അരികത്തു കൊണ്ട് വെച്ചത്… അത്‌ കണ്ടിട്ടാണ് സ്നേഹത്തോടെ അവൾ അയാളെ നോക്കിയത്.അരിവെന്തു വാർക്കുന്നതിനിടയിൽ ചൂട് വെള്ളം കയ്യിൽ വീണപ്പോഴാണ് അശ്രദ്ധ മൂലമാണെന്ന് പറഞ്ഞു മുറുക്കെ അവളെയൊന്നു ശാസിച്ചത്.അന്നാണ് കണ്ണ് നനച്ചു ഒരു പുഞ്ചിരിയോടെ അവൾ അയാളെ നോക്കിയത്.അടുത്ത ബന്ധുവിന്റെ കല്യാണത്തിന് അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു തലയുർത്തി അയാൾ അവളുടെ അരികിൽ നിന്നപ്പോഴാണ് അവൾ അയാളെ കുറ്റബോധത്തോടെ നോക്കിയത്.

ആൾക്കാരുടെ ചൂഴ്ന്നു നോട്ടത്തിൽ ” എന്റെ പെണ്ണാണ് “എന്ന് പരിചയപ്പെടുത്തിയ നിമിഷത്തിലാണ് അവൾ അയാളെ ഭ്രാന്തമായ പ്രണയത്തോടെ നോക്കിയത്.അന്ന് രാത്രിയിൽ അവൾ അയാളെ കെട്ടിപിടിച്ചലറി കരയുമ്പോൾ അയാൾ അവളെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.നനഞ്ഞ കണ്ണോടെ അവൾ അയാളുടെ മുഖത്ത് തെരുതെരെ ചുംബിക്കുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.വിക്കി വിങ്ങി.അവൾ പറഞ്ഞു.അന്ന് രാത്രിയിൽ ആളില്ലാത്ത ഒരു സമയത്ത് ന്റെ ചോരയെ പോലെ കണ്ടവൻ എന്നെ അവൾ പറഞ്ഞു തുടങ്ങുമ്പോൾ അയാൾ അവളുടെ വാ പൊത്തിയിരുന്നു.വാടിപ്പോയ പൂ പോലെ തളർന്നവളെ ചേർത്ത് പിടിച്ചയാൾ പറഞ്ഞു.ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തയല്ല പെണ്ണെ.അത്‌ കേട്ടിട്ടാവണം അവൾ അയാളുടെ നെഞ്ചിലേക്ക് കൂടുതൽ പറ്റിച്ചേർന്നത്.

രചന : അയ്യപ്പൻ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here