വാവ സുരേഷിന്‌ അണലിയുടെ കടിയേറ്റ വീഡിയോയിൽ കണ്ടത്‌ പോലെ മുറിവിലെ ചോര വായിലേക്ക്‌ വലിച്ചെടുത്ത്‌ പുറത്തേക്ക്‌ തുപ്പുകയോ വേണ്ട കുറിപ്പ്

0
2305

ഒരു കുഞ്ഞിപൈതൽ കൂടി പാമ്പ്‌കടിക്ക്‌ കീഴടങ്ങിയിരിക്കുന്നു.ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്‌ തന്നെ ഇനിയും പറയട്ടെ. കേരളത്തിൽ ആകെയുള്ള നൂറ്റിപ്പത്തോളം ഇനം പാമ്പുകളിൽ അഞ്ചെണ്ണത്തിനാണ്‌ മനുഷ്യനെ കൊല്ലാൻ പാകത്തിൽ വിഷമുള്ളത്‌.മൂർഖൻ, രാജവെമ്പാല, അണലി, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടൻ എന്നീ കരയിലെ പാമ്പുകൾക്കും കൂടാതെ കടൽപ്പാമ്പുകൾക്കും വിഷമുണ്ട്‌. നിലവിൽ രാജവെമ്പാലയുടേയും കടൽപ്പാമ്പുകളുടേയും വിഷത്തെ നിർജീവമാക്കാനുള്ള ആന്റിവെനം നമുക്ക്‌ ലഭ്യമല്ല. രാജവെമ്പാല കടിച്ച്‌ ഇന്ന്‌ വരെ കേരളത്തിൽ ആരും മരിച്ചതായി രേഖകളുമില്ല.

വിഷമുള്ള പാമ്പ് കടിച്ചാൽ പോലും എല്ലായെപ്പോഴും വിഷം ശരീരത്തിൽ കയറണമെന്നില്ല. ഭൂരിഭാഗം പാമ്പ്കടിയും വിഷമില്ലാത്ത പാമ്പുകളിൽ നിന്നോ അതല്ലെങ്കിൽ വിഷമുള്ള പാമ്പുകളെ വിഷം ശരീരത്തിലെത്തിക്കാൻ കെൽപ്പില്ലാത്ത ‘ഡ്രൈ ബൈറ്റ്‌’ രീതിയിലുള്ളതോ ആകും.

കടിയേറ്റാൽ ചെയ്യേണ്ടത്‌ – Do it ‘RIGHT’ എന്നോർക്കുക. Reassure (രോഗിയെ ആശ്വസിപ്പിക്കുക, രോഗി ഭീതിയിലാകുന്നത്‌ വഴി ഹൃദയമിടിപ്പ് കൂടുകയും വിഷം ശരീരത്തിൽ വളരെ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. Immobilise (കടിയേറ്റ ഭാഗം അനക്കാതെ ആശുപത്രിയിൽ എത്തിക്കുക.) ഇന്നലെ പാമ്പുകടിയേറ്റ കുഞ്ഞിനെ നടത്തിച്ചാണ്‌ ബസ്‌ കിട്ടുന്നിടം വരെ കൊണ്ടു പോയത്‌ എന്ന്‌ വായിച്ചു. ഒരു കാരണവശാലും കടിയേറ്റ ഭാഗം അനങ്ങാൻ പാടില്ല. വിഷം ശരീരത്തിൽ കലരുന്ന പ്രക്രിയയുടെ വേഗം കൂടാൻ ഇത്‌ കാരണമാകും. Go to Hospital (ആശുപത്രിയിലേക്ക്‌ ചെല്ലുക). Tell the symptoms (ലക്ഷണങ്ങൾ പറയുക. ഓരോ പാമ്പിൻവിഷവും ശരീരത്തിൽ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ വെവ്വേറെയാണ്‌. അത്‌ കേട്ടാൽ ഡോക്‌ടർക്ക്‌ വേണ്ട ചികിത്സകൾ തീരുമാനിക്കാൻ സാധിക്കും).

നാലിനം വിഷപാമ്പുകൾക്കും നൽകുന്ന ആന്റിവെനം ഒന്ന്‌ തന്നെയാണ്‌. അത്‌ കൊണ്ട്‌ തന്നെ പാമ്പിനെ കാണാതെ തന്നെ ചികിത്സ നിർണയിക്കാനാകും. കഴിയുമെങ്കിൽ സുരക്ഷിതദൂരത്ത്‌ നിന്ന്‌ മൊബൈൽ ഫോണിൽ പാമ്പിന്റെ ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അത്‌ പോലും നിർബന്ധമില്ല. മുറിവിന്‌ മീതെ കെട്ടുകയോ കഴിഞ്ഞ ദിവസം വാവ സുരേഷിന്‌ അണലിയുടെ കടിയേറ്റ വീഡിയോയിൽ കണ്ടത്‌ പോലെ മുറിവിലെ ചോര വായിലേക്ക്‌ വലിച്ചെടുത്ത്‌ പുറത്തേക്ക്‌ തുപ്പുകയോ വേണ്ട.വായിൽ മുറിവുകൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന്‌ വിഷം രക്‌തത്തിൽ കലരാൻ ഈ ‘തുപ്പൽവിദ്യ’ കാരണമാകും. പാമ്പിനെ പിടിക്കാൻ നടന്നു സമയവും കളയേണ്ടതില്ല.

ശിവജിത്തിനോട്‌ കുരുമുളക്‌ ചവച്ച്‌ തുപ്പാൻ പറഞ്ഞ്‌ ‘വിഷമില്ല’ എന്നുറപ്പ്‌ നൽകിയ ‘വിഷചികിത്സാവിദഗ്‌ധ’യോട്‌ ഒന്നേ പറയാനുള്ളൂ. അറിയാത്ത പണി എടുക്കരുത്‌. ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടായിരുന്ന ഒരു ഇത്തിരിക്കുഞ്ഞിന്റെ ജീവനാണ്‌ നിങ്ങൾ നാല്‌ മണി കുരുമുളകിൽ ഒതുക്കിയത്‌.ഇജ്ജാതി ‘നാടൻ ചികിത്സ കൊലപാതകങ്ങൾ’ നിയമപരമായി നേരിടാത്തിടത്തോളം ഇനിയും ജീവനുകൾ പൊലിയുമെന്നറിയാം. എങ്കിലും പറഞ്ഞ്‌ പോകുകയാണ്‌.ആ കുഞ്ഞിന്റെ മരണാനന്തരമെങ്കിലും അവന്റെ അമ്മക്കും അച്‌ഛനും ചേച്ചിക്കും അടച്ചുറപ്പുള്ള ഒരു കൂര ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഭൂമിയുടെ അവകാശികളിൽ അവരുടെ പേരും പതിഞ്ഞിട്ടുണ്ടാകുമല്ലോ.ശിവജിത്തിന്‌ ആദരാഞ്ജലികൾ.

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെടിക്കെട്ടൻ (Krait), അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങൾ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല.സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിലും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ നാട്ട് വിഷ ചികിത്സാകേന്ദ്രങ്ങൾ കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.ഓർക്കുക, ഈ മരണങ്ങൾ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ്.മൊബൈൽ ഫോണിൽ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവർ പൗരാണികതയുടെ പേരും പറഞ്ഞ് ‘വിഷചികിത്സ’ എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !

സങ്കടകരം മുൻപ് പലതവണ എഴുതിയിട്ടുള്ള പോസ്റ്റാണ്. ഒരിക്കൽ കൂടി എഴുതുകയാണ്. ഇങ്ങനെ എഴുതുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോൾ സാധിക്കുന്നത് എഴുതുക മാത്രമാണ് എന്നുള്ളതുകൊണ്ട് വീണ്ടും എഴുതുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാലോ.ചികിൽസ ലഭിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ്
കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ശേഖരിച്ച വിവരങ്ങളാണ്. പാമ്പുകടിയേറ്റാൽ ചികിത്സാസൗകര്യങ്ങൾ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ്.ലിസ്റ്റ് പൂർണ്ണമല്ല. എങ്കിലും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.വെള്ളം ഇറങ്ങുമ്പോൾ പാമ്പുകൾ വീട്ടിലും മറ്റും കയറാനുള്ള സാധ്യതകൾ ഉണ്ട്. കേരളത്തിൽ ആകെയുള്ള 100 സ്പീഷീസ് പാമ്പുകളിൽ കരയിൽ കാണുന്നവയിൽ 5 സ്പീഷീസുകൾ മാത്രമേ മനുഷ്യ മരണങ്ങൾക്ക് കാരണം ആയിട്ടുള്ളൂ. എങ്കിലും റിസ്ക് എടുക്കരുത്.

പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ആരോഗ്യ പ്രവർത്തകരുടെ സഹായം തേടുക. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.പാമ്പ് വിഷത്തിനെതിരെ ചികിത്സാ (ASV) സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:

തിരുവനന്തപുരം ജില്ല 1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്
2. SAT തിരുവനന്തപുരം 3. ജനറൽ ആശുപത്രി, തിരുവനന്തപുരം 4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര 5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര 6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം 7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്.

കൊല്ലം ജില്ല 1. ജില്ലാ ആശുപത്രി, കൊല്ലം 2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ 4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട 5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി 7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി 8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ 9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം 10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം 11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം 12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

പത്തനംതിട്ട ജില്ല 1. ജനറൽ ആശുപത്രി, പത്തനംതിട്ട 2. ജനറൽ ആശുപത്രി, അടൂർ
3. ജനറൽ ആശുപത്രി, തിരുവല്ല 4. ജില്ലാ ആശുപത്രി, കോഴഞ്ചേരി
5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി 6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി 7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല 8. ഹോളിക്രോസ് ആശുപത്രി, അടൂർ 9. തിരുവല്ല മെഡിക്കൽ മിഷൻ.

ആലപ്പുഴ ജില്ല: 1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് 2. ജില്ലാ ആശുപത്രി, മാവേലിക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല 4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ 5. കെ സി എം ആശുപത്രി, നൂറനാട്.

കോട്ടയം ജില്ല 1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് 2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം 3. ജനറൽ ആശുപത്രി, കോട്ടയം 4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി 5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി 6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം 7. കാരിത്താസ് ആശുപത്രി 8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം.

ഇടുക്കി ജില്ല 1. ജില്ലാ ആശുപത്രി, പൈനാവ് 2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ 3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം 4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട് 5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി 6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം.

എറണാകുളം ജില്ല 1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി 2. ജനറൽ ആശുപത്രി, എറണാകുളം 3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി 4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല) 5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല) 6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ 7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി 8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം 9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം 10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം
11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം 12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം 13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ.

തൃശ്ശൂർ ജില്ല:1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ,2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ 3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി 4. മലങ്കര ആശുപത്രി, കുന്നംകുളം 5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി 6. അമല മെഡിക്കൽ കോളേജ്, തൃശൂർ 7. ജനറൽ ആശുപത്രി, തൃശ്ശൂർ 8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി
9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ 10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി 11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട് 12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട് ജില്ല:1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ
2. പാലന ആശുപത്രി 3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം 4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട് 6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി 7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ 8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് 9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.

മലപ്പുറം ജില്ല 1. മഞ്ചേരി മെഡിക്കൽ കോളേജ് 2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ 3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ 6. അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 7. ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 8. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ 9. ജില്ലാ ആശുപത്രി, തിരൂർ 10. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

കോഴിക്കോട് ജില്ല:1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് 2. ആസ്റ്റർ മിംസ് ആശുപത്രി 3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട് 4. ആഷ ഹോസ്പിറ്റൽ, വടകര 5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട് 6. ജനറൽ ആശുപത്രി, കോഴിക്കോട് 7. ജില്ലാ ആശുപത്രി, വടകര
8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി.

വയനാട് ജില്ല 1. ജില്ലാ ആശുപത്രി, മാനന്തവാടി 2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി 3. ജനറൽ ആശുപത്രി, കൽപ്പറ്റ

കണ്ണൂർ ജില്ല 1. പരിയാരം മെഡിക്കൽ കോളജ് 2. സഹകരണ ആശുപത്ര, തലശേരി 3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ 4. ജനറൽ ആശുപത്രി, തലശ്ശേരി
5. ജില്ലാ ആശുപത്രി, കണ്ണൂർ കാസർഗോഡ് ജില്ല 1. ജനറൽ ആശുപത്രി, കാസർഗോഡ് 2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് 3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം. അറിവ് പരമാവധി ഷെയർ ചെയ്യുക ഇനി ഒരു മരണം പാമ്പ് കടിയേറ്റ് ഉണ്ടാകാതിരിക്കട്ടെ

Dr. Shimna Azeez

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here