വീട് പണിയുന്ന നൂറു ശതമാനം ആളുകൾക്കും പ്ലിന്ത് ബെൽട്ടിനെ കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് സത്യം

0
40867

പ്ലിന്ത് ബെൽട്ടിനെ കുറിച്ചാണ് .എന്താണീ പ്ലിന്ത് ബെൽറ്റ്‌ ..?എന്തിനാണീ പ്ലിന്ത് ബെൽറ്റ്‌ ..?
എവിടെയാണിത് നിർമ്മിക്കേണ്ടത് ..?ചിലർ പറയുന്നു അടിത്തറ കഴിഞ്ഞ ശേഷം ബേസ്‌മെന്റ് കിട്ടുന്നതിന് മുൻപാണ് ഇത് വേണ്ടതെന്ന്.വേറെ ചിലർ പറയുന്നത് ഫൗണ്ടേഷനും ബേസ്‌മെന്റും പണി തീർത്ത ശേഷം ചുവര് പടവ് തുടങ്ങുന്നതിനും മുൻപാണ് വേണ്ടത് എന്ന് .ചിലർ പറയുന്നു രണ്ടിടത്തും വേണം എന്ന് ..

ഇനിയൊരു കൂട്ടർ പറയുന്നത് മണ്ണിനു ഉറപ്പുണ്ടെങ്കിൽ ബെൽറ്റിന്റെ ആവശ്യമേ ഇല്ല എന്ന് .
ഈ വിഷയം അൽപ്പം വിശദമായി നമുക്ക് പരിശോധിക്കാം. പ്ലിന്ത് ബെൽറ്റ് എന്ന വാക്കിനെ തന്നെ അപഗ്രഥിച്ചു നോക്കാം .വീട് പണിയുമ്പോൾ നിർമ്മിക്കുന്ന ബെൽറ്റ്‌ എന്താണെന്ന് നമുക്കറിയാം.
ഏതാണ്ട് ഒൻപതിഞ്ചോ, ഒരടിയോ വീതിയിൽ, നാല് മുതൽ ആറ് ഇഞ്ചു വരെ കനത്തിൽ കമ്പി കെട്ടി വാർക്കുന്ന ഒരു ഏർപ്പാട്. ഈ അറിവ് ശരിയുമാണ്.

ഇനി ബാക്കിയുള്ളത് “പ്ലിന്ത് “എന്ന വാക്കാണ്.ഫൗണ്ടേഷനും ബേസ്‌മെന്റും കഴിഞ്ഞു ചുവർ തുടങ്ങുന്ന ലെവലിനെയാണ് പ്ലിന്ത് ലെവൽ എന്ന് പറയുന്നത്. അതുകൊണ്ടു ഈ ലെവലിൽ അതായത് ബേസ്‌മെന്റിനു മുകളിലായാണ് പ്ലിന്ത് ബെൽറ്റ് നിർമ്മിക്കേണ്ടത്.മണ്ണിനു ഉറപ്പുണ്ടെങ്കിലും, ഇല്ലെങ്കിലും ഈ ബെൽറ്റ്‌ നിർമ്മിക്കണം. കാരണം ഈ ബെൽറ്റും മണ്ണിന്റെ ബെയറിങ് കപ്പാസിറ്റിയുമായി ഒരു ബന്ധവും ഇല്ല.
ഒരു ഫൗണ്ടേഷൻ ഫെയിലിയർ സംഭവിച്ചാൽ അതിനെ തടുക്കാനുള്ള കഴിവും ഇതിനില്ല.എന്നാൽ പിന്നെ എന്തിനാണ് ഈ ബെൽറ്റ്‌ ..?

ഭൂമിയിൽ നിന്ന് ഉണ്ടാകാവുന്ന ചെറുതരം ചലനങ്ങൾ, വൈബ്രെഷനുകൾ, എന്നിവയൊക്കെ നിമിത്തം തറയിൽ ചെയ്യ് പൊട്ടലുകൾ വരാം.ഈ പൊട്ടലുകൾ തുടർന്ന് ചുവരിലേക്കു വ്യാപിക്കാതിരിക്കാൻ ഉള്ള ഏക വഴിയാണ് ഈ ബെൽറ്റ്‌ .ഭൂമിയിൽ നിന്നുള്ള ചലനങ്ങൾ എന്ന് ഞാൻ പറഞ്ഞതിന് ലാത്തൂരിൽ ഉണ്ടായതുപോലുള്ള ഘടാഘടിയൻ ഭൂകമ്പം എന്നർത്ഥമില്ല. അങ്ങനെയൊക്കെ ഉണ്ടായാൽ പ്ലിന്ത് ബെൽറ്റ്‌ അല്ല ബ്ളാക്ക് ബെൽറ്റ്‌ വരെ തകർന്നു വീഴും.

എങ്കിൽ പിന്നെ ഏതു തരത്തിലുള്ള ചലനങ്ങൾ ആണ് ഇവ..?വളരെ ചെറിയ ഭൂചലനങ്ങൾ, അടുത്ത വീട്ടുകാരൻ അയാളുടെ കിണറ്റിൽ വെള്ളം കിട്ടാനായി തോട്ട പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചലനങ്ങൾ, അടുത്തുള്ള ക്ഷേത്രങ്ങളിലോ മറ്റോ കരിമരുന്നു പ്രയോഗം നടത്തുമ്പോൾ ഉണ്ടാകുന്ന ചലനങ്ങൾ, റോഡിൽനിന്നും, റെയിൽവേ ലൈനിൽനിന്നുംഒക്കെ ഉണ്ടാക്കുന്ന ചെറു പ്രകമ്പനങ്ങൾ തടയാനാണ് ഈ ബെൽറ്റ്‌.

തീർന്നില്ല ഈ ബെൽറ്റ്‌ ഒരു ഡാംപ് പ്രൂഫ് കോഴ്സ് കൂടിയാണ്.അതായത് നനവിനെ പ്രതിരോധിക്കാനുള്ള സംവിധാനം.ചുവർ പടവിന്റെ ഏറ്റവും താഴ്ന്ന ഭാഗം എന്ന നിലയിൽ പ്ലിന്ത് ലെവലിൽ നനവ് ബാധിക്കാനുള്ള സാധ്യത ഏറെയാണ്.മഴ പെയ്യുമ്പോൾ ചുവരിലെ ഏറ്റവും അടിഭാഗം നനഞ്ഞുകൊണ്ടിരിക്കും.ക്ളീനിംഗിന്റെ ഭാഗമായി ഫ്ലോറിൽ വെള്ളമൊഴിച്ചു കഴുകുന്ന കേസുകളിൽ ഈ ഭാഗം വീട്ടിനകത്തുനിന്നും നനഞ്ഞുകൊണ്ടിരിക്കും .ബാത്ത് റൂമുകളുടെ അടിഭാഗം സ്ഥിരമായി വെള്ളം വീഴുന്നതിനാൽ അവിടെയും നനയും.

നീണ്ടൊരു കാലഘട്ടം ഇങ്ങനെ നനയുമ്പോൾ ഈ പ്ലിന്ത് ലെവലിൽ കല്ലോ , ഇഷ്ടികയോ എന്താണെങ്കിലും അത് ദുർബ്ബലമാകും, അതിന്റെ ലോഡ് താങ്ങാനുള്ള കഴിവ് നഷ്ടപ്പെടും.ഒന്നോ രണ്ടോ കൊല്ലം കൊണ്ട് ഇങ്ങനെ സംഭവിക്കും എന്നല്ല, പക്ഷെ ഒരു വീടിന്റെ ആയുസ്സു കുറയാൻ അത് ഇടയാക്കും.ഒരുവേള ലിന്റലിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഈ ബെൽറ്റ്‌ .അതിനാൽ വീട് പണിയുമ്പോൾ ബെൽറ്റ്‌ . ശരിയായ സ്ഥലത്ത് , ശരിയായ രീതിയിൽ , നിർമ്മിക്കാൻ മറക്കരുത്.പാന്റിനൊപ്പം ബെൽറ്റിടാൻ മറന്നാൽ പോലും..

കടപ്പാട് : സുരേഷ് മഠത്തിൽ വളപ്പിൽ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here