രാത്രി ഒരുമണിക്ക് രക്ഷിക്കണം എന്ന് പറയാൻ ആ പെൺകുട്ടികൾ മുഖ്യമന്ത്രിയെ വിളിച്ചു ശേഷം

0
7166

സർക്കാർ മുന്നിലുണ്ടെന്ന പിണറായി വിജയന്റെ വാക്കുകൾ വെറും വാക്കുകൾ അല്ല സമയം അർധരാത്രി ഒന്നിനോടടുത്തിരുന്നു. വയനാട്‌ കർണാടക അതിർത്തിയിലെ കാടിന്റെ കൂരിരുട്ട്‌ ഹൈദരാബാദിൽനിന്നുള്ള സംഘത്തെ ഭീതിയിലാഴ്‌ത്തി. വാഹനം തോൽപ്പെട്ടി ചെക്ക്‌ പോസ്‌റ്റ്‌ വരെയേ ഉള്ളൂ. കോഴിക്കോട്ട്‌ എത്തേണ്ടതാണ്‌. ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസിയിൽ ബിസിനസ്‌ എക്‌സിക്യൂട്ടീവും പുതിയറ സ്വദേശിനിയുമായ ആതിര ഗൂഗിളിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത്‌ വിളിച്ചു.മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നര മണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്ത് നിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം.

കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രി തന്നെ പരിഹാരം നിർദേശിച്ചു. രാത്രി വൈകി കേരള-കർണാടക അതിർത്തിയായ തോൽപ്പെട്ടിയിൽ ഒറ്റപ്പെട്ട് പോയപ്പോൾ മുഖ്യമന്ത്രി പകർന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്നം വീട്ടിൽ എം.ആർ. ആതിര പറയുന്നു.

ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തിൽ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡ്രൈവർ നിലപാട് മാറ്റി. അതിർത്തിയിൽ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തിൽ നിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. അർധരാത്രിയിൽ വനമേഖലയായ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു.

പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നു കിട്ടിയില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു.മറ്റൊരു മാർഗവുമില്ലെന്നായപ്പോൾ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലർ പറഞ്ഞു. ഭയന്നുകൊണ്ട് മുഖ്യമന്ത്രിയെ ആതിര വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്. ഉടനെ വയനാട് കളക്ടറെയും SP യെയും വിളിക്കാൻ പറഞ്ഞു. ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും SP യുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് SP യെയാണ്. തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് SP ഉറപ്പ് നൽകി.

തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ് കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.അവർ നന്ദി പറയാൻ മുഖ്യമന്ത്രിയെ വിളിച്ചപ്പോഴും മുഖ്യമന്ത്രി ഫോൺ എടുത്തു. അവർ സുരക്ഷിതരായി വീടുകളിൽ എത്തിയതിൽ സന്തോഷം അറിയിക്കുകയും ഇനിയുള്ള ദിവസങ്ങളിൽ ഹോം ക്വാറന്റീനിൽ കഴിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പറഞ്ഞു തന്നു മുഖ്യമന്ത്രി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here