കരഞ്ഞു മുന്നിലിരിക്കുന്നവൾ എന്റെ ഭർത്താവിന്റെ കാമുകിയാണ് അതായത് എന്റെ താലിയുടെ അവകാശിയെ കുറിപ്പ്

0
4997

എത്രകാലമായി ഈ ബന്ധം തുടങ്ങീട്ട്.?കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുന്നിലിരിക്കുന്നവൾ എന്റെ ഭർത്താവിന്റെ കാമുകിയാണ്.അതായത് എന്റെ താലിയുടെ അവകാശിയെ എനിക്കൊപ്പം പങ്കിട്ടെടുത്തുകൊണ്ടിരുന്നവൾ ചോദിച്ചത് കേട്ടില്ലേ നീ.എത്ര കാലമായി ഈ രഹസ്യബന്ധം തുടങ്ങിയിട്ടെന്ന് .എന്റെ ശബ്‌ദമൊരല്പം കൂടി ഉയർന്നു.ഏങ്ങലടിക്കുന്നതല്ലാതെ അവളിൽനിന്നും മറ്റൊരു പ്രതികരണവുമില്ല.എന്റെ ഭർത്താവിന്റെ ഹൃദയം കവർന്നവൾ !
എനിക്കുമാത്രം അവകാശപ്പെട്ട പ്രണയത്തെ, അല്ലെങ്കിൽ എന്റേതു മാത്രമാണെന്ന് ഞാൻ അവകാശപ്പെട്ടിരുന്ന പ്രണയത്തിന്റെ പങ്കുപറ്റാനെത്തിയവൾ!’
അസൂയയാണോ, അതോ പകയാണോ അനിർവ്വചനീയമായൊരു വികാരമായിരുന്നു മനസ്സിൽ.ഞാൻ അവളെ കണ്ണുപറിക്കാതെ നോക്കി.

‘ശത്രുവിന്റെ ഭംഗി നോക്കികാണുകയല്ല, ഒരു സ്ത്രീയെ സംബന്ധിച്ച് അവളേറ്റവും സുന്ദരിയെന്നു തോന്നേണ്ട ‘ആ ഒരുവന്റെ’ തോന്നലുകളെ വ്യതിചപ്പിച്ചത് ഇവളിലെ എന്താണെന്നറിയാനൊരു ജിജ്ഞാസ എന്നെക്കാളും മികച്ചതല്ല അവൾ ‘ എന്ന് തിരിച്ചറിയുമ്പോൾ തോന്നേണ്ട ആത്മനിർവൃതി എന്നാൽ ഇവിടെയും എന്റെ പ്രതീക്ഷകൾ അസ്തമിച്ചു.എതിരാളിയായിരിക്കുന്നവൾക്ക് ആരും ശ്രദ്ധിക്കുന്ന വിധത്തിലൊരു അഴകുണ്ട്,ഈ ഭംഗിയാണോ , ഇതുകണ്ടിട്ടാണോ അയാൾ….!! കഷ്ട്ടം!നല്ലൊരു കുടുംബത്തിൽ പിറന്നതിന്റെ എല്ലാവിധ ലക്ഷണങ്ങളും രൂപത്തിലുണ്ട്.

മൊബൈലെടുത്തു ഞാൻ നമ്പർ ഡയൽ ചെയ്തു, ബെല്ലടിച്ചുനിന്നതല്ലാതെ മറ്റു പ്രതികരണമില്ല, ഉടനെ തന്നെ സ്‌ക്രീനിലേക്കൊരു മെസ്സേജ് തെളിഞ്ഞു ഡ്രൈവിങ്ങിലാണ് അച്ചു, ഞാൻ ചെന്നിട്ടു വിളിക്കാം!എനിക്ക് സ്വയം പുച്ഛം തോന്നി.
പെട്ടന്നാണ് അവളുടെ ഫോൺ ബെല്ലടിച്ചത്.അയാളായിരിക്കും അല്ലേ.അവൾ നിസ്സഹായതയോടെ എന്നെ നോക്കി.എടുക്കു.അവളിൽ നിന്നും ഫോൺ വാങ്ങി ഞാൻ സ്പീക്കറിലിട്ടു.നീയെവിടെയാണ് ? മുൻപ് വിളിച്ചിട്ടെന്നാ എടുക്കാഞ്ഞത് ?ഞാൻ അവളെ നോക്കി സംസാരിക്കുവാൻ ആംഗ്യം കാണിച്ചു.പതിഞ്ഞ ശബ്‌ദത്തിൽ അവൾ മറുപടി പറഞ്ഞു ഞാൻ പുറത്താണ്.എവിടെ ?അയാളുടെ വാക്കുകളിൽ അവളോടുള്ള കരുതലും ശ്രദ്ധയും നിറഞ്ഞിരുന്നു.അവൾ ദയയോടെ എന്നെ നോക്കി.

ഇല്ല ഈ ജന്മം ഒരു ദയയും നീ അർഹിക്കുന്നില്ലഞാൻ വിളിക്കാം.അവളുരുകുകയായിരുന്നു എന്റെ മുന്നിൽ.മതി”ഫോൺ വാങ്ങി ഞാൻ കട്ട് ചെയ്തു , ഇനിയൊരല്പം കൂടി അവർ സംസാരിച്ചാൽ എന്നിലേക്ക്‌ ഞാൻ ആർജിച്ചെടുത്ത ഈ ധൈര്യമൊക്കെ ചോർന്നു പോകും.എന്തൊരു കരുതലോടെയാണ് അയാളവളോട് സംസാരിക്കുന്നത്.ഇരുകൈകൾകൊണ്ട് ഞാനെന്റെ തലമുടിയിൽ വലിച്ചു.ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നിയെനിക്ക്.ഈ ലോകത്തെ ഏറ്റവും നീചമായ ചതിക്ക് ഇരയായിരിക്കുകയാണ് ഞാൻ.എങ്കിലും അവൾക്ക് മുന്നിൽ കരയാൻ ഞാനൊരുക്കമായിരുന്നില്ല.പുച്ഛം നിറഞ്ഞ ചിരി എന്റെ ചുണ്ടുകളിൽ തെളിഞ്ഞു.മുന്നിലിരിക്കുന്നവളോട് എനിക്ക് യാതൊരു അനുകമ്പയും തോന്നിയില്ല.ആദ്യമായാണ് ഒരാളുടെ കണ്ണുനീരിനു മുന്നിൽ ഇങ്ങനെ ചിരിക്കാൻ കഴിയുന്നത്.ആദ്യമായാണ് ഇങ്ങനെ ഉള്ളിൽ ആർത്തു കരഞ്ഞുകൊണ്ട് പുഞ്ചിരി മുഖത്ത് അണിയുന്നത്.

എന്റെ ഭർത്താവിന്റെ എന്ത് ഗുണമാണ് നിന്നെ അയാളിലേക്കടുപ്പിച്ചത് ?വീണ്ടും ഞാൻ അവളെ നോക്കി.പറയ് , സ്വന്തം ഭാര്യക്ക് കൊടുക്കാത്ത സ്നേഹവും കരുതലുമാണോ.അതോ അയാളുടെ പണമോ.പണമാണെന്നു എനിക്ക് തോന്നുന്നില്ല , കാരണം നിന്റെ കുടുംബപശ്ചാത്തലമൊക്കെ ഞാൻ അന്വേഷിച്ചതാണ്പിന്നെ എന്താണ് .ചേച്ചി ഞാൻ.അവളുടെ വാക്കുകൾ അവ്യക്തമായിരുന്നു.ഒരു ട്രേയിൽ കാപ്പിയുമായി അമ്മാളു ഹാളിലേക്ക് വന്നു.മുന്നിലെ ടീപോയിലേക്കു ചായഗ്ലാസ്സുകൾ വച്ച് പോകുവാനായി തിരിഞ്ഞു.അമ്മാളു.അവർ തിരിഞ്ഞു നോക്കി.ഞങ്ങളിലാരാണ് കൂടുതൽ സുന്ദരി അമ്മാളു തെല്ലൊരു സംശയത്തോടെ എന്നെ നോക്കി എന്നിലെ ഈ ഭാവപ്പകർച്ച അവരാദ്യം കാണുകയായിരുന്നിരിക്കണം.

ഭംഗി എന്നുവച്ചാൽ, ഒരാണിന്റെ കണ്ണിൽ.ആർക്കായിരിക്കും.അമ്മാളുവിനെന്ത് തോന്നുന്നു, പറയു.മുന്നിലിരിക്കുന്നവൾ ഒന്നുകൂടി ചൂളികൂടിയിരിക്കുന്നത് ഞാൻ കണ്ടു.അത്യാഹിതമെന്തോ സംഭവിക്കാൻ പോകുന്ന ഭാവത്തോടെ അമ്മാളു എന്നെ നോക്കി.അമ്മാളു പൊയ്ക്കോളൂ.എന്റെ ശബ്ദത്തിലെ കനംകൊണ്ടാവണം ഒന്ന് തിരിഞ്ഞുനോക്കുക കൂടി ചെയ്യാതെ അവർ മുറി വിട്ടുപോയി നിനക്കെന്തു തോന്നുന്നു ഇപ്പോ..?അയാളിൽനിന്നും നീ ഏറ്റുവാങ്ങിയ സുഖലാളനങ്ങളൊക്കെയും ഇപ്പോൾ നീയനുഭവിക്കുന്ന അപമാനത്തിന് പകരമാവുന്നുണ്ടോ ?
എന്റെ മുന്നിൽ ഇപ്പോൾ നിനക്കുള്ള സ്ഥാനമെന്താണെന്നു നിനക്കറിയുമോ ?
നിന്റെ ഭർത്താവെന്ത്‌ ചെയ്യുന്നു..?”

സെയിൽസ് ഡിപ്പാർട്മെന്റാണ് കഷ്ട്ടം അവനോടിനി ആ ജോലിക്കു പോകണ്ടാന്നു പറ, സ്വന്തം ഭാര്യയെ പറഞ്ഞു മനസിലാകാത്തവൻ ഏത് കസ്റ്റമേറെ മനസ്സിലാക്കാനാ.തലപെരുക്കുന്നതുപോലെ തോന്നിയപ്പോൾ ഞാനൊരു ഡീപ് ബ്രീത്തെടുത്തു.ശരിക്കും തോറ്റുപോയതു ഞാനല്ലേ ?എന്റെ മുന്നിൽ വിജയിച്ചിരിക്കുന്നു അവളും.ജീവനുതുല്യം ഞാൻ സ്നേഹിച്ചിട്ടും, ഒരു കുറവും വരാതെ അയാളെ പരിപാലിച്ചിട്ടും എന്നെകടന്നു അയാളുടെ മനസ്സും ശരീരവും ഇവളെ തേടിപോയിട്ടുണ്ടെങ്കിൽ അതവളുടെ ജയമല്ലേ സമനില തെറ്റാതെ ഇനി മുന്നോട്ടു പോകണമെങ്കിൽ ഒരുവട്ടമെങ്കിലും അവളുടെ മുന്നിൽ ജയിക്കണം!
അതിനവൾ മാനസികമായി തകരണം, ആത്മാഭിമാനമുള്ളൊരു സ്ത്രീക്ക് മുന്നിൽ അവളുടെ ഭർത്താവിനെ പങ്കുവച്ചെടുത്തവൾ എന്ന പാപക്കറ ചുമന്നവൾ തലകുനിച്ചു നിൽക്കണം അപ്പോൾ കിട്ടുന്ന ആത്മസന്തോഷം മാത്രമാണ് ഇനി മുന്നോട്ടു പോവാനുള്ള ശക്തി തരുന്നത്.

നിനക്ക് വേണോ അയാളെ.?ഞെട്ടലോടെ അവളെന്നെ നോക്കി.നീയെടുത്തോ
ഇനി മുതൽ ആരെയും ഒളിക്കാതെയും മറക്കാതെയും നിങ്ങൾക്കൊരുമിച്ചു ജീവിക്കാല്ലോ.അവളെനിക്ക് നേരെ കൈകൾ കൂപ്പി.എന്തേ ? വേണ്ടേ…!!!??
ഓ മറ്റുള്ളവരെന്തു കരുതുമെന്നോർത്താണോ?സമൂഹത്തിലെ നിന്റെ നിലയും വിലയും, ഭർത്താവ്.കുഞ്ഞുങ്ങൾ.അല്ലേ.ഇനി നിനക്കെന്താണ് വില
എന്നെപോലെയൊരു പെണ്ണിനുമുന്നിൽ ഇപ്പോൾ നിനക്കുള്ള വില എന്തെന്ന് അറിയാമോ?ഒരു സ്ത്രീ തന്റെ മാനത്തിനെകുറിച്ചു പറയുമ്പോൾ മറുത്തൊന്നും പറയാൻ കഴിയാതെ മുഖം കുനിച്ചിരിക്കേണ്ട ഈ അവസ്ഥയില്ലേ, നിന്റെ ഇപ്പോഴത്തെ ഈ മൗനം ആണ് കാലം നിനക്ക് കരുതിവച്ച ശിക്ഷ
എന്നെ സമർത്ഥമായി കബളിപ്പിച്ചു നീ അനുഭവിച്ചുകൊണ്ടിരുന്ന സ്നേഹത്തിനു നിനക്ക് ഞാൻ തരുന്ന പ്രതിഫലം.ഇപ്പോ നീ അനുഭവിക്കുന്ന ഈ അപമാനമുണ്ടല്ലോ, ഇതിന്റെ നീറ്റലിലെ ഇനി നിനക്ക് ജീവിക്കാൻ പറ്റൂ !”

തിളച്ചുമറിയുന്ന മനസ്സൊന്നു അടങ്ങിയപോലെ തോന്നി വല്ലാത്തൊരു കിതപ്പെനിക്ക് അനുഭവപെട്ടു.പൊയ്ക്കോ നീ.അവൾ പിടഞ്ഞെഴുന്നേറ്റു.ഞാൻ മുഖം തിരിച്ചു.
മേശയിലേക്കു ഞാനൊരു 500 രൂപ നോട്ട് വച്ച് കൊടുത്തു .ഇതൂടി എടുത്തോണ്ട് പൊക്കോ.ഇങ്ങോട്ടു കൊണ്ടുവന്നതുപോലെ തിരിച്ചുകൊണ്ടോവാനൊന്നും ആരും വരില്ല, വണ്ടികശായിട്ടു കൂട്ടിക്കോ.നിന്റെ കാമുകന്റെ ഭാര്യ എന്ന നിലയിൽ എനിക്കാവൂദാര്യമൊന്നും വേണ്ട പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ മുന്നിൽ നിന്നും പോയി.കണ്ണീരടക്കി ഞാൻ സോഫയിലേക്ക് ചാരിയിരുന്നു.എവിടെയായിരുന്നു തെറ്റുപറ്റിയത്.പഠിച്ചുവാങ്ങിയ ജോലിപോലും ഭർത്താവിനും കുഞ്ഞിനും വേണ്ടി മാറ്റിവച്ചു.ഇങ്ങനെയൊരു ഇന്നിനെ നേരിടേണ്ടി വരുമെന്ന് ഇന്നലകളൊരിക്കലും തോന്നിപ്പിച്ചതുമില്ല.സ്വയം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചിട്ടിപ്പോൾ സ്വയം നഷ്ട്ടപെടെണ്ടി വന്നില്ലേ.

നെറ്റിയിലൊരു സ്പർശം അറിഞ്ഞപ്പോൾ ഞാൻ കണ്ണുതുറന്നു.
മുന്നിൽ നീട്ടിപ്പിടിച്ച ഫോണുമായി കണ്ണൻ ,ഫോൺ വാങ്ങി ഞാനവനെ മടിയിലേക്കിരുത്തി.മോന് സങ്കടായോ മ് അമ്മയ്ക്കും സങ്കടായില്ലേ.ഒരു പതിമൂന്നുവയസ്സുകാരനെക്കാളും പക്വത അവനുണ്ടെന്നുള്ളത് വലിയൊരു ആശ്വാസമാണ്.അമ്മക്ക് മോനില്ലേ ! അതുമതി നാളെ മോൻ അമ്മയോട് ചോദിക്കരുത്, അതുകൊണ്ടാ അമ്മ മോനോട് തന്നെ ഇതൊക്കെ ചെയ്യാൻ പറഞ്ഞത്.”അവനിൽനിന്നും ഫോൺ വാങ്ങി റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ ഞാനൊന്നു കണ്ണോടിച്ചു.പിന്നെ വാട്ട്സ്ആപ്പ് തുറന്നു,മൈ ഫാമിലി , കുടുംബം എന്നിങ്ങനെ പേരിലുള്ള രണ്ടു മൂന്നു ഗ്രൂപ്പുകളിലേക്കു കൂടിക്കാഴ്ചയുടെ വീഡിയോ സെൻഡ് ചെയ്തു .

കറങ്ങിക്കൊണ്ടിരുന്നപ്പോൾ ഞാൻ സ്‌ക്രീനിൽനിന്നും മുഖം തിരിച്ചു,
‘മറുചിന്ത ഉണ്ടാവരുത്, വേണ്ടാന്ന് വച്ചാൽ പിന്നെയെനിക്ക് കഴിഞ്ഞെന്നു വരില്ല….!
നാളിതുവരെയും ഭർത്താവിന്റെ നിലയിലും വിലയിലും അടിയുറച്ചുമാത്രമേ എന്തും ചെയ്തിട്ടുള്ളു,അയാളത് അർഹിക്കുന്നില്ലെങ്കിൽ പിന്നെന്താണ്.നാളെയൊരുപാട് ചോദ്യങ്ങളെ നേരിടേണ്ടി വന്നേക്കാം, അതിനൊക്കെയുള്ള ഉത്തരമാണിത്.
എന്റെ മോൻ കഴിഞ്ഞാൽ എനിക്കിനി ഒരാളെ കൂടിയേ ബോധിപ്പിക്കാനുള്ളു.
എന്റെ ‘അമ്മ.മറ്റുള്ളവർക്കൊക്കെ ഈ വിഷ്വൽസ് തന്നെ ധാരാളം .
ഫോണിൽ ഞാൻ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.അമ്മക്ക് സ്മാർട്ട് ഫോണോ ഇന്നിന്റെ ആഡംബരങ്ങളെകുറിച്ചോ അറിവുമില്ലല്ലോ.മോളെ എന്താ ഈ നേരത്തു.ഒന്നുമില്ല അമ്മഇന്ന് ഉച്ചക്കത്തെ ട്രെയിന് ഞാൻ കേറും മോനുമുണ്ട് .
വൈകുന്നേരം സന്ധ്യ വിളക്ക് വയ്കുമ്പോഴേക്കും ഞാനുണ്ടാകും അവിടെ.

ഫോൺ കട്ട് ചെയ്തയുടനെ ബെല്ലടിക്കുന്നതു കണ്ടു നോക്കുമ്പോൾ സ്‌ക്രീനിൽ അയാളുടെ മുഖം തെളിഞ്ഞു.അടിക്കട്ടെ , അഞ്ചും ആറും തവണ അങ്ങോട്ട് വിളിച്ചപ്പോൾ എടുക്കാതിരുന്ന ആ കാൾ ഇനിയൊരുപാട് ഇങ്ങോട്ടു വന്നോണ്ടിരിക്കും.കണ്ണനെ ഞാൻ ഇറുക്കിപ്പിടിച്ചു.അവന്റെ കുഞ്ഞിക്കരങ്ങൾ എന്റെ കരങ്ങളെ പൊതിഞ്ഞുപിടിച്ചപ്പോൾ എന്നിലെ നിലപാടൊന്നുന്നുകൂടി ശക്തിയാർജ്ജിച്ചു.

രചന : സിതാര രാജീവൻ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here