രാത്രി ആ സ്ത്രീ മെസ്സേജ് ചെയ്തു നാളെ ഞങ്ങളുടെ വീടിന്റെ മെയിൻ വാർപ്പാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് കുറിപ്പ്

0
32222

അബുദാബിയിലെ ഫ്‌ളാറ്റിൽ രാത്രി പതിനൊന്നു മണിക്ക് കിടന്നുറങ്ങാൻ തുടങ്ങുമ്പോളാണ് ബഹറിനിലെ മനാമയിൽനിന്നും ഒരു സഹോദരി മെസഞ്ചറിൽ ഒരു സന്ദേശം അയക്കുന്നത്.നാളെ രാവിലെ ഞങ്ങളുടെ വീടിന്റെ മെയിൻ വാർപ്പാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് .വിശേഷിച്ചു ഒന്നും ചെയ്യാനില്ല, പണിക്കാർക്ക് നല്ല ബിരിയാണി വെച്ച് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യുക, ബംഗാളികൾക്കു ബിവറേജസിൽനിന്നോ, നാട്ടിലെ പെൻഷൻ പറ്റിയ പട്ടാളക്കാരുടെ കയ്യിൽനിന്നോ രണ്ടു കുപ്പി വാങ്ങിച്ചു കൊടുക്കുക, ദൈവത്തോട് പ്രാർത്ഥിക്കുക , അത്രയേ ഇപ്പോൾ പറയാനുള്ളൂ.

അപ്പിയിടാൻ മുട്ടുമ്പോൾ ക്ളോസറ്റ്‌ അന്വേഷിച്ചു നടക്കുക എന്ന് ജപ്പാനീസ് ഭാഷയിൽ ഒരു പഴംചൊല്ലുണ്ടു. അതാണ് ഓർമ്മ വന്നത്.ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് അന്വേഷിക്കുന്നത് .നാട്ടിൽ സ്ളാബിന്റെ വാർപ്പ് തുടങ്ങാനായി, എക്സ്ട്രാ ബാർ വേണോ എന്നൊരു സംശയം.ഈ വീടിന്റെ വാർപ്പ് എന്ന് പറയുന്ന സംഭവം, സുനാമി വരുന്നപോലെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നല്ല. മാസങ്ങൾക്കുമുന്നെ തീരുമാനിക്കപ്പെടുന്ന, എല്ലാവർക്കും അറിയുന്ന ഒന്നാണ്. സുനാമി പോലും ഇപ്പോൾ ഏതാണ്ട് മുൻകൂട്ടി അറിയാം.

മെയിൻ വാർപ്പിനു മുഹൂർത്തം നോക്കാൻ പണിക്കാരെ കാണാൻ പോകാൻ സമയമുണ്ട്, കമ്പി കെട്ടിയതു ശരിയാണോ എന്ന് നോക്കാൻ ഒരു എൻജിനീയറെ വിളിക്കാൻ സമയമില്ല.ഞാൻ ഒരാളെ ഉദ്ദേശിച്ചു പറഞ്ഞതല്ല, ശ്രീനിവാസൻചേട്ടൻ നാടോടിക്കാറ്റ് സിനിമയിൽ പറഞ്ഞതുപോലെ “പൊതുവെ പറഞ്ഞതാണ് ഈ മെയിൻ സ്ളാബ് വാർക്കലും എന്ന് പറഞ്ഞത് സങ്കീർണ്ണമായ ഒരു പ്രക്രീയയാണ്.സാങ്കേതികതലത്തിൽ അതിൽ ഇടപെടേണ്ടത് ഒരു എൻജിനീയർ ആണെങ്കിലും നിങ്ങൾക്കും ഇതിൽ ചെയ്യാൻ ഏറെയുണ്ട്.

വേണ്ട സമയത്തു അതൊന്നും ചെയ്യാതെ വാട്സ്ആപ്പിൽ കുത്തിയിരുന്ന ശേഷം അവസാനനിമിഷം ചാടിവീണതുകൊണ്ടു ഒരു കാര്യവുമില്ല.അതുകൊണ്ടുതന്നെ വീടിന്റെ വാർപ്പിനു മുൻപ് നിങ്ങൾ നടത്തേണ്ടുന്ന ചില മുന്നൊരുക്കങ്ങളെക്കുറിച്ചു പറയാം.മുഖ്യമായും ഇവിടെ ഉദ്ദേശിക്കുന്നത് പ്രവാസികളെയാണ്, കാരണം നാട്ടിൽ ഭാര്യയുടെ പ്രസവം നടക്കുമ്പോളും, വീടിന്റെ മെയിൻ വാർപ്പ് നടക്കുമ്പോളും പ്രവാസി അനുഭവിക്കുന്ന ടെൻഷൻ ഏതാണ്ട് ഒരേ ലെവലിലാണ്.വീട്ടിന്റെ പടവുപണി അവസാനിച്ചതിന്റെ പിറ്റേന്ന് തന്നെ ഒരു കാരണവശാലും വാർപ്പിന്റെ തട്ട് അടിക്കാൻ അനുവദിക്കരുത്. പടവ് അതിന്റെ ബലം ആർജ്ജിക്കുന്ന സമയമാണിത്. ആ സമയത്തു അതിനെ ചൊറിയാൻ പോകരുത്. വേവാൻ കാത്തുനിൽക്കാമെങ്കിൽ ആറാനും കാത്തുനിൽക്കണം എന്നാണു പ്രമാണം.

അതുപോലെ സ്ളാബിനെ താങ്ങി നിർത്തുന്ന മുട്ടുകൾ ഉറപ്പിക്കുന്ന നിലം നല്ലപോലെ ഉറപ്പുള്ളതാണെന്നു നമ്മൾ ഉറപ്പു വരുത്തണം. അല്ലെങ്കിൽ മുകളിൽ കോൺക്രീറ്റ് ഇടുമ്പോൾ മുട്ട് താഴ്ന്നു പോയി സ്ളാബ് പൊളിഞ്ഞു വീഴാം, സ്ളാബിൽ ബെൻഡ് ഉണ്ടാവാം .അങ്ങനെ ഉണ്ടായ ചരിത്രമുണ്ട് തമ്പുരാൻ.വാർപ്പിനുള്ള സിമെന്റ് ആദ്യമേ ബുക്ക് ചെയ്യണം. അൻപത്തി മൂന്ന് ഗ്രേഡ് ഓ പി സി സ്പെസിഫിക്കേഷനുള്ള സിമെന്റാണ് നല്ലത്. ഈ സാധനം എല്ലാ സിമെന്റ് നിർമ്മാതാക്കളും ഉണ്ടാക്കുന്നുണ്ട് . എന്നാൽ മിക്കവാറും മാർക്കറ്റിൽ കിട്ടുന്ന സിമെന്റ് ഈ സ്പെസിഫിക്കേഷൻ ഉള്ളതാവില്ല . അതിനാൽ രണ്ടാഴ്ച മുന്നേ കോൺട്രാക്ടറോടോ ഡീലറോടോ ഏൽപ്പിക്കണം.

കലങ്ങിയില്ല.അതായത് ഉത്തമാ, ഈ സിമെന്റ് പലവിധമുണ്ട് .ഓർഡിനറി പോർട്ട്‌ലാൻഡ് (നമ്മൾ പറഞ്ഞ സാധനം ) , പോസ്‌ലാണാ പോർട്ലാൻഡ്, ലോ ഹീറ്റ്, ക്വിക് സെറ്റിങ് , സൾഫേറ്റ് റെസിസ്റ്റന്റ്, ഹൈ അലുമിന തുടങ്ങീ ഒരുപാട് തരം സിമെന്റുണ്ട്. ഓരോ ഉപയോഗങ്ങൾക്കായുള്ള സിമെന്റുകൾ.എന്നാൽ ഈ പറഞ്ഞതൊന്നും സിമെന്റുകളുടെ ബ്രാൻഡ് നെയിമുകളല്ല, സാങ്കേതിക പേരുകളാണെന്നു പറയാം.നമ്മുടെ സിമെന്റ് നിർമ്മാതാക്കളായ മലബാർ, എ സി സി, അൾട്രാടെക്ക്‌, ഡാൽമിയ തുടങ്ങീ കമ്പനികളെല്ലാം തന്നെ ഇവയിൽ ഒട്ടുമിക്ക സിമെന്റുകളും നിർമ്മിക്കുന്നുണ്ട്.

ഒന്നുകൂടി വിശദമാക്കിയാൽ എ സി സി സിമെന്റ് കമ്പനി തന്നെ നാലോ അഞ്ചോ തരം സിമെന്റുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ടാവാം, ഏതൊക്കെയാണ് അവർ ഉൽപ്പാദിപ്പിക്കുന്നതെന്നു അവരോടുതന്നെ ചോദിക്കണം, എനിക്കറിയില്ല.ഈ സിമെന്റുകളിൽനിന്നും ഓർഡിനറി പോർട്ട് ലാൻഡ് സിമെന്റാണ് നമ്മൾ വാർപ്പ് ആവശ്യത്തിനായി വാങ്ങേണ്ടത്.ഇനി, ഇതെങ്ങനെ തിരിച്ചറിയാം എന്ന്.സഹോ, ഈ സിമെന്റ് ചാക്കിന്റെ മുകളിൽ ഇംഗ്ളീഷിൽ വെണ്ടക്കാ അക്ഷരത്തിൽ “ഓർഡിനറി പോർട്ട് ലാൻഡ് സിമെന്റ് “എന്നോ “ഒപിസി” എന്നോ എഴുതിക്കാണും. അത് വായിച്ചു നോക്കിയാൽ മതി.വാട്സാപ്പ് വായിക്കുന്ന അത്ര ബുദ്ധിമുട്ടൊന്നും ഇല്ല.

വീടുപണിക്ക് കോൺട്രാക്ട് എഴുതുമ്പോഴും ഈ കണ്ടീഷൻ എഴുതണം. എഴുതിവച്ചാൽ പോരാ രണ്ടാഴ്ച്ച മുന്നേ കോൺട്രാക്ടറെ വിളിച്ചു ഓർമ്മിപ്പിക്കുകയും വേണം.വീട്ടുപണിക്കുള്ള മെറ്റൽ, മണൽ എന്നിവ വാർപ്പിന്റെ അന്ന് രാവിലെ എത്തിക്കുന്നത് ചില കോൺട്രാക്ടര്മാരുടെ ഒരു സ്ഥിരം പണിയാണ്, ഇത് സമ്മതിക്കരുത്. എല്ലാ സാധനവും എത്തിച്ചേർന്നതിന്റെ പിറ്റേന്ന് മാത്രമേ വാർപ്പ് അനുവദിക്കാവൂ.അതുപോലെ വാർപ്പിനു തലേ ദിവസം തന്നെ കമ്പി കേട്ടാൽ ജോലികൾ പൂർത്തീകരിക്കാൻ കോൺട്രാക്ടറോട്‌ പറയണം. ഇങ്ങനെ കെട്ടിയ കമ്പി വാർപ്പിന്റെ തലേന്ന് തന്നെ എഞ്ചിനീയർ വന്നു പരിശോധിച്ച് വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കണം, പിറ്റേന്ന് രാവിലേക്കു ഒന്നും ബാക്കി വെക്കരുത് .

കോൺക്രീറ്റിങ് തുടങ്ങും മുൻപ് ഓടിവന്നു ഇലട്രിക്കൽ പോയന്റുകൾ ഇടുന്നതു നാട്ടിലെ ഇലക്ട്രീഷ്യന്മാരുടെ സ്ഥിരം ഏർപ്പാടാണ്. ഇത് പലപ്പോളും കെട്ടിവച്ച കമ്പിയുടെ ക്രമം നശിപ്പിക്കാറുണ്ട്. ഇത് അനുവദിക്കരുത്. തലേ ദിവസത്തോടെ എല്ലാ പണികളും പൂർത്തീകരിക്കണം.കോൺക്രീറ്റ് എലമെന്റുകളിലെ സുപ്രധാനമായ ഒരു ഇനമാണ് കവറിങ് . പലയിടങ്ങളിലും മെറ്റൽ ചീളുകളാണ് കവറിംഗിനായി ഉപയോഗിക്കുന്നത് . എട്ടുപത്തു ദിവസം മുൻപേ പറഞ്ഞാൽ സൈറ്റിലെ മെസൻമാർ കവറിങ്ങിനുള്ള ബ്ലോക്കുകൾ സിമെന്റുകൊണ്ട് ഉണ്ടാക്കിത്തരും. ഇതെടുത്തു വെള്ളത്തിലിട്ടാൽ കോൺക്രീനിങ്ങിനു കമ്പി കെട്ടുമ്പോൾ ഉപയോഗിക്കാം . സമീപകാലത്തായി ഇത് കടകളിൽ വാങ്ങിക്കാനും കിട്ടുന്നുണ്ട്. പി വി സി കവറിംഗുകളും ലഭ്യമായിരുന്നു .

കോൺക്രീറ്റിങ്ങിനുള്ള ശുദ്ധമായ വെള്ളം വേണ്ടത്ര അളവിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. വിദ്യുച്ഛക്തി തടസ്സം നേരിട്ടാൽ പോലും വെള്ളം ലഭ്യമാകുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ – അത് മണ്ണെണ്ണ പാമ്പു ആയാലും , ജനറേറ്റർ ആയാലും- ഏർപ്പെടുത്തണം .കോൺക്രീറ്റിങ്ങിനു കോൺക്രീറ്റ് മിക്സർ വേണമെന്നും അത് തലേ ദിവസം തന്നെ സൈറ്റിൽ എത്തണമെന്നും കോൺട്രാക്ടറോട്‌ പറയണം.

കോൺക്രീറ്റ് കോംപാക്ഷൻ ആവശ്യത്തിനായി വൈബ്രെറ്റർ നിർബ്ബന്ധമാണെന്നും, അതിനൊപ്പം ഒരു സ്പെയർ നീഡിൽ വേണമെന്നും ഇതൊക്കെ തലേ ദിവസം തന്നെ സൈറ്റിൽ എത്തണമെന്നും കോൺട്രാക്ടറോട്‌ പറയണം. ഇതിനു പ്രവർത്തിക്കാൻ വേണ്ട പെട്രോളും , മണ്ണെണ്ണയും കരുതിവെക്കണം .ചുവരുകളിൽ പൊട്ടലുകൾ ഒഴിവാക്കാൻ ഒരു പരിധിവരെ സഹായകമായ ഒന്നാണ് ബിറ്റുമിൻ പേപ്പർ. ഇതിന്റെ രണ്ടോ മൂന്നോ റോൾ പേപ്പർ വാങ്ങി കമ്പി കെട്ടുന്നതിനിടക്ക് തന്നെ ചുവരുകളും മുകളിൽ വിരിച്ചിടണം(ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പിന്നീട് പറയാം ) . ഈ സാധനം വലിയ വിലയൊന്നും ഉള്ളതല്ല, പേരുകേട്ടിട്ടു പേടിക്കേണ്ട ആവശ്യമില്ല .

മഴ സീസണിൽ കോൺക്രീറ്റിനെ സംരക്ഷിക്കാൻ ആവശ്യമായ ടാർപോളിൻ കരുതിവെക്കണം. മഴ പെയ്യുന്ന നേരത്ത് ഇതിനായി നെട്ടോട്ടം ഓടിയാൽ ചിലപ്പോൾ കിട്ടിയെന്നു വരില്ല. ഇനി ഒരു രക്ഷയും ഇല്ലെങ്കിൽ ലെവൽ ചെയ്ത സ്ളാബിനു മുകളിൽ സാധാരണ പത്രം വിരിച്ചിട്ടാൽ മതി, വെള്ളം കോൺക്രീറ്റിനെ ബാധിക്കില്ല. പിന്നീട് അതിനു മുകളിലൂടെ കോൺക്രീറ്റ് ഉറക്കുന്നതുവരെ നടക്കരുതെന്നു മാത്രം . (കൃപാലോകം പത്രം ആണെങ്കിൽ ഒന്നുകൂടി നന്നായി )

കോൺക്രീറ്റ് സ്ളാബിനെ താങ്ങി നിർത്തുന്ന സെന്ററിങ് മുട്ടുകൾ നന്നായി സപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യണം. ലെവലുകൾ രാവിലെ വീണ്ടും ഒരിക്കൽകൂടി ചെക്കുചെയ്യാൻ കോൺക്രീറ്റ് മേസനോട് പറയണം.കോൺക്രീറ്റിംഗ് ജോലി നടക്കുന്നതിനിടയിൽ ജോലിക്കാർക്ക് മദ്യം നൽകരുത്. പണി തീർത്ത് സൈറ്റ് വിട്ടുപോകാൻ നേരത്ത് മാത്രമേ ഈ പരിപാടി നടക്കൂ എന്ന് ആദ്യമേ പറയണം. കള്ളുകുടിച്ചു തല്ലുണ്ടാക്കാനുള്ള സ്ഥലമല്ല വർക്ക്‌ സൈറ്റ്.

ചെറിയ തരത്തിലുള്ള മുറിവോ ചതവോ ആർക്കെങ്കിലും സംഭവിച്ചാൽ ഉപയോഗിക്കാൻ വേണ്ടുന്ന മരുന്ന് , പഞ്ഞി, പ്ലാസ്റ്റർ ഒക്കെ കരുതാം. ചെരിഞ്ഞ സ്ളാബുകൾ കോൺക്രീറ്റ് ചെയ്യുമ്പോൾ അവിടെ നിൽക്കുന്നവരുടെ അരയിൽ ഒരു കയറെങ്കിലും ബന്ധിച്ചു സുരക്ഷിതമാക്കണം. കെട്ടിടത്തിന് നേരെ താഴെ ജോലി ചെയ്യുന്നവർക്ക് സേഫ്റ്റി ഹെൽമെറ്റും കമ്പിയിലൂടെ നടക്കുന്നവർക്ക് സേഫ്റ്റി ഷൂസും ഉറപ്പുവരുത്തണം. ഒരു ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ ചെറിയൊരു മെറ്റൽ കഷ്ണം ഒരാളുടെ തലയോട്ടി തുളച്ചു അകത്തുകയറിയതിന്റെ എക്സ് റേ രണ്ടാഴ്ച മുൻപാണ് കണ്ടത്.

കോൺക്രീറ്റിങ് നടക്കുന്നയിടത്തേക്കു കുട്ടികളെ കടത്തിവിടരുത്. അപകടം പറ്റാൻ ഇതിലും നല്ല ഒരിടം ഞാൻ കണ്ടിട്ടില്ല. സ്ളാബിന്റെ മുട്ടുകൾക്കിടയിലൂടെയും അവരെ ഓടി നടക്കാൻ അനുവദിക്കരുത്.അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു അനുഭവം കൂടി പങ്കുവച്ചു ഈ കത്തി അവസാനിപ്പിക്കാം.

കോൺട്രാക്ട് രംഗത്തുള്ള എൻജിനീയർ കൂടിയായ എന്റെ ഒരു സുഹൃത്ത് മറ്റൊരു നാട്ടിൽ വർക്കുകൾ തുടങ്ങി . പ്രൊഫഷനിലുള്ള ആത്മാർഥത കൊണ്ടും, നവീന സാങ്കേതികവിദ്യകൾ പ്രയോഗിച്ചും, കൃത്യനിഷ്ഠയോടെ ജോലിചെയ്തും അയാൾ നാട്ടുകാരെ കയ്യിലെടുത്തു.അവിടെയുണ്ടായിരുന്ന കോൺട്രാക്ടർമാരിൽ ചിലർ അദ്ദേഹത്തിൻറെ സൽപ്പേര് നശിപ്പിക്കാൻ കണ്ടെത്തിയ വഴി വേറൊന്നായിരുന്നു.

സ്ളാബ് വാർപ്പ് കഴിഞ്ഞ രാത്രിയിൽ അതിന്റെ ഒന്നോ രണ്ടോ മുട്ടുകൾ ഊരിമാറ്റുക. പിന്നെന്തുണ്ടാവുമെന്നു ഞാൻ പറയേണ്ട കാര്യമില്ല.പക്ഷെ സംഗതി പൊളിഞ്ഞു .മുട്ട് ഊരാമെന്നു ഏറ്റ ആൾക്ക് പേടിയായി, വേറൊന്നുമല്ല സ്ളാബ് പൊളിഞ്ഞു സ്വന്തം തലയിൽ വീണാൽ കാണാൻ അത്ര ഭംഗിയുണ്ടാവില്ല എന്നയാൾക്ക്‌ ബോധ്യപ്പെട്ടു.മാത്രമല്ല ഉള്ളിൽ അൽപ്പം ലഹരിയുണ്ടായിരുന്നതുകൊണ്ടു ഈ വിവരം അയാൾ മറ്റുപലരോടും കുമ്പസാരവും നടത്തി.

അതുകൊണ്ടുതന്നെ സ്ളാബ് വാർപ്പ് കഴിഞ്ഞുള്ള ആദ്യ രണ്ടു ദിവസങ്ങളിൽ ഈ വിഷയം മനസ്സിലുണ്ടാവുന്നതു നന്ന്.ഇതൊക്കെ ഉറപ്പുവരുത്തിയതിനു ശേഷം മതി ബിരിയാണി വാങ്ങലോ, കുപ്പി സംഘടിപ്പിക്കലോ ഒക്കെ.ഇതുകൊണ്ടൊക്കെയാണ് പറയുന്നത്,കളിയല്ല കോൺക്രീറ്റിങ് . അതിനു നല്ല തെയ്യാറെടുപ്പു വേണം.അല്ലാതെ ജപ്പാൻകാരൻ പറഞ്ഞപോലെ അവസാനനിമിഷം ക്ളോസറ്റ്‌ തപ്പി നടന്നിട്ടു കാര്യമില്ല

കടപ്പാട് : സുരേഷ്

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here