റമദാനും ലോക്കുഡൗണും കൂടിവരുന്ന ഈ സമയത്ത് ഒരുപാട് പേർക്കുള്ള സംശയമാണ് കെട്ടിക്കിടക്കുന്ന സിമെന്റ് ഉപയോഗിക്കാൻ പാടുണ്ടോ എന്നത്.ന്യായമായ സംശയമാണ്.സിമെന്റിന്റെ എക്സ്പയറിയെ കുറിച്ച് അന്വേഷിച്ചാൽ രണ്ടു മാസം,മൂന്നുമാസം എന്നിങ്ങനെയൊക്കെ മറുപടി ലഭിക്കുമെങ്കിലും ഇതൊരു അവസാന വാക്കല്ല.കാരണം സിമെന്റിന്റെ ഉപയോഗ്യത എന്നത് അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.ഇവയിൽ സിമെന്റ് നിറച്ച ചാക്ക് നിർമ്മിക്കാൻ ഉപയോഗിച്ച വസ്തു മുതൽ, അന്തരീക്ഷ താപനില അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശം എന്ന് വേണ്ട, സിമെന്റ് ചാക്കുകൾ ഏതു രീതിയിൽ അടുക്കി സൂക്ഷിച്ചു എന്ന് ഏറെ പ്രധാനമാണ്.
ഈ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്ത സ്ഥലങ്ങളിൽ ഉണ്ടായിരുന്ന സിമെന്റ്, മഴ ഇല്ലാതിരുന്ന സ്ഥലങ്ങളിലെ സിമെന്റിനെ അപേക്ഷിച്ചു കേടുവന്നു പോകാനുള്ള സാധ്യത കൂടുതലാണ്.തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളിൽ സംഭരിക്കപ്പെട്ട സിമെന്റ്, ചൂട് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ സംഭരിക്കപ്പെട്ട സിമെന്റിനേക്കാൾ വേഗത്തിൽ ചീത്തയായിക്കാണും.ഗോഡൗണുകളിൽ അശാസ്ത്രീയമായി സംഭരിക്കപ്പെട്ട സിമെന്റും നേരാംവണ്ണം സംഭരിക്കപ്പെട്ട സിമെന്റും തമ്മിൽ ഗുണമേന്മയിൽ വെത്യാസം കാണും.
അട്ടിയിട്ട സിമെന്റ് ചാക്കുകളിൽ താഴത്തെ ചാക്കുകളിൽ കേടാവാനുള്ള പ്രവണത കൂടുതലായി കാണാറുണ്ട്.ഇതെല്ലാം അറിഞ്ഞു മാത്രമേ സിമെന്റ് സെലക്ട് ചെയ്യാവൂ വിഷേഷിച്ചും വരും ദിനങ്ങളിൽ.എന്നാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇതിലെ പല കാര്യങ്ങളും പരിശോധിക്കുക എന്നത് അസാധ്യമാണ്.
സങ്കീർണ്ണമായ എൻജിനീയറിങ് വഴികൾ കുറെ ഉണ്ടെങ്കിലും നമ്മൾ സാധാരണക്കാർക്ക് മുന്നിൽ പിന്നെ ഒറ്റ വഴിയേ ഉള്ളൂ .പാത്തുമ്മാന്റെ വഴി.സിമെന്റ് ചാക്ക് പൊട്ടിക്കുക. അതിൽ കൈ പരതി നോക്കുക.ഗുണമേന്മയുള്ള പഴക്കമില്ലാത്ത സിമെന്റ് സ്പർശിക്കുമ്പോൾ ഇളം ചൂട് ഫീൽ ചെയ്യണം.അതിലെ തരികൾ പത്തിരിപ്പൊടിപോലെ ഒരു നേരിയ ചെറിയ കട്ടപോലും ഇല്ലാതെ മൃദുവായി മിനുമിനുത്തതായി തോന്നണം.കടുകുമണിയുടെ പോലും വലുപ്പമുള്ള തരികൾ കാണരുത്. അഥവാ എങ്ങാൻ ഒന്നോ രണ്ടോ കണ്ടാൽ തന്നെ വിരലുകൾ കൊണ്ട് പതുക്കെ ഞെക്കി നോക്കണം.
അങ്ങനെ ഞെക്കിയാൽ ഒട്ടും ബലം പ്രയോഗിക്കാതെ പൊടിഞ്ഞു പോകണം.അത്തരം തരികൾ കാണുന്നത് ശരിയാണെന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. ലോക്ക് ഡൗണും, മഴയും, കൊറോണയും, ഒന്നുമില്ലാത്ത കാലത്തും ചില ബാഗുകളിൽ ഒന്നോ രണ്ടോ ഒക്കെ തരികൾ കാണാറുണ്ട് .ഇനി അതും പറഞ്ഞു എന്റെ നെഞ്ചത്തു കേറരുത്. അറിയാവുന്ന ഒരു വഴി പറഞ്ഞു തന്നെന്നു മാത്രം.
കടപ്പാട് : സുരേഷ് മഠത്തിൽ