മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി മുൻപ് പലരും പറഞ്ഞു കേട്ടപോലെ കുറിപ്പ്

0
12464

മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി മുൻപ് പലരും പറഞ്ഞു കേട്ടപോലെ ഇതും പെണ്ണോ എന്ന എന്തെങ്കിലും നിരാശയുണ്ടോ എന്നറിയാനായി.പക്ഷേ ആ മുഖത്തും കണ്ണുകളിലും എന്റെ കുഞ്ഞ് എന്ന സന്തോഷമല്ലാതെ വേറൊന്നും കണ്ടില്ല അതുകൊണ്ട് തന്നെ എന്നെയതൊന്നും ബാധിക്കുന്ന പ്രശ്നമായിരുന്നില്ല (ഇപ്പോഴുമല്ല) ചിലരെ കണ്ടുമുട്ടും വരെയും.പെണ്മക്കളുടെ അമ്മയായ എനിക്ക് പലപ്പോഴും നേരിടേണ്ടിവരുന്ന ചില സന്ദർഭങ്ങളുണ്ട് അതിൽ കുറച്ച് മക്കളുടെ എണ്ണമായിരുന്നെങ്കിലും കൂടുതലും മൂന്ന് പെണ്കുട്ടികളോ എന്ന ചോദ്യമായിരുന്നു.ചോദ്യം ചോദിക്കുന്നവർ സ്ഥലവും സന്ദർഭവും നോക്കാറുണ്ടോ എന്നറിയില്ല പക്ഷേ ഉത്തരങ്ങൾ കൊടുക്കുന്നതിൽ ഞാനത് നോക്കാറേയില്ല.

ഈ രംഗങ്ങളിൽ ചോദ്യങ്ങളും സംഭാഷണങ്ങളുമായി വരുന്ന ആരുടേയും വീട്ടിലെ റേഷൻ കൊണ്ടല്ല ഞാൻ മക്കളെ വളർത്തുന്നതെങ്കിലും അവരുടെ വിഷമവും ഉത്കണ്ഠയും കാണുമ്പോൾ കേട്ടു നിൽക്കുന്നവർ തീർച്ചയായും തെറ്റിദ്ധരിക്കും ഞാനിന്ന് അടുപ്പത്തു വച്ചിരിക്കുന്ന അരി ഇനി ചോദ്യകർത്താവിന്റെ വീട്ടിൽ നിന്നും കടം വാങ്ങിയതാണോയെന്ന്.പെണ്മക്കളുള്ള അമ്മമാർ കേൾക്കുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി നിങ്ങളും ഒന്ന് അറിയണം.ഇത് തന്റെ മോളാണോ ?അതേ മൂത്തമോളാണ് മൂത്തതോ?? അപ്പൊ എത്രാളുണ്ട് മക്കൾ?.മറുപടി കേൾക്കുന്നയാൾക്ക് എണ്ണമൊരു ആശ്ച്ചര്യമാകും എന്നറിയാമെങ്കിലും കുറയ്ക്കാൻ എനിക്ക് കഴിയില്ലല്ലോ എണ്ണത്തേക്കാൾ പക്ഷേ അവർക്ക് ബുദ്ധിമുട്ട് തോന്നിയ ഉത്തരമിതായിരുന്നു.മൂന്നുപേരുണ്ട് മൂന്ന് പെൺകുട്ടികൾ”

ഉത്തരം പറയുമ്പോൾ എന്റെ കണ്ണിലെ സന്തോഷം കേൾക്കുമ്പോൾ അവരുടെ കണ്ണിൽ ഉണ്ടോയെന്ന് ഞാൻ നോക്കാറെയില്ല മുൻപത്തെ ചില അനുഭവങ്ങൾ കൊണ്ട് തന്നെ…എന്നാൽ ചിലർ നമ്മളെ സ്നേഹിച്ചും ആദരിച്ചും കൊല്ലും കുറച്ചുനേരത്തേക്കെങ്കിലും അതെയോ മൂന്നു പെങ്കുട്ട്യോള് നല്ലതല്ലേ .വീടൊരു സ്വർഗ്ഗമാവുമെന്നാ പറയാ ആണായാലും പെണ്ണായാലും സന്തോഷം നിറഞ്ഞ മക്കളുള്ള വീട് ദൈവം തന്നല്ലോ അതുകൊണ്ട് അതൊരു സ്വർഗം തന്നെ എന്നു ഞാനും മനസ്സിൽ കരുതുമെങ്കിലും എണ്ണമോ ലിംഗമോ ഒരു പ്രശ്നമേയല്ല എന്ന് പറയുന്നവരോട് നന്ദിസൂചകമായി ഞാനൊന്ന് പുഞ്ചിരിക്കും.

കഴിഞ്ഞില്ല ഈ രംഗത്തിന് രണ്ടാം ഭാഗമുണ്ട് സംസാരം കഴിഞ്ഞു നമ്മളിങ്ങോട്ട് തിരിഞ്ഞാൽ കൂട്ടത്തിൽ കേൾവിക്കാരിയായിരുന്ന അടുത്ത ആളോട്
ഇതേ ആൾ ചോദ്യങ്ങളൊന്നുകൂടി ആവർത്തിക്കും.എത്രെ കുട്ട്യോളാ ?ഒരു മോനും ഒരു മോളും.പറയുന്ന ആളുടെ സ്വരത്തിൽ ഓസ്കാർ അവാർഡ് കിട്ടിയ സന്തോഷമുണ്ട് കാരണം നേരത്തെ ഉത്തരം കൊടുത്ത എനിക്ക് മൂന്ന് പെൺകുട്ടികളാണല്ലോ.പാവം ആ പോയ പെണ്ണിനെ കണ്ടോ എന്തൊക്കെ ഉണ്ടായിട്ടെന്താ?? ഒരാൺകുട്ടിയെ ദൈവം കൊടുത്തില്ല പെൺകുട്ടികൾ മാത്രമുള്ള എന്റെ വീടൊരു സ്വർഗ്ഗമെന്നു പറഞ്ഞ അതേ ആള് മണിച്ചിത്രത്താഴിലെ ശോഭനയുടെ അസുഖമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണത് അതേ Multiple Personality Disorder.

വേറൊരു സീനുണ്ട് അത് ഇതിലും രസമാണ് മികച്ച നടിമാർ പോലും ആ അഭിനയത്തിന് മുൻപിൽ കൈകൂപ്പി നിക്കണം..എല്ലാവരുമല്ല കേട്ടോ എണ്ണം പറഞ്ഞ ചിലർ മാത്രം.ചേച്ചിക്ക് മൂന്ന് പെൺകുട്ടികളാണ് ല്ലേ അതേയെന്ന എന്റെ ഉത്തരത്തിന് മറുപടി സങ്കടത്തിൽ ചാലിച്ചതാണ് .എനിക്ക് പെൺകുട്ടികളെ ജീവനാണ് പക്ഷേ കിട്ടിയതൊരാൺകുട്ടിയെ അയ്യോ പാവം എന്ന് കരുതി ഞാനെന്റെ കുഞ്ഞുങ്ങളിൽ ഒന്നിനെ പോലും തരാൻ ഉദ്ദേശമില്ലെന്ന് ഉള്ളിൽ പറഞ്ഞെങ്കിലും ശബ്ദത്തിലൂടെ വന്നത് ഇതായിരുന്നു.സാരല്ല്യ ഇനീം നോക്കാല്ലോ നാണത്തിൽ കൂമ്പിയ മിഴികളോടെ ചുണ്ടിലൊരു ശൃംഗാരച്ചിരിയുമായി ഉത്തരമുടനെയുണ്ട്..

“അതേ അതാ പിന്നൊരു സമാധാനം പക്ഷേ ചിരി വിരിഞ്ഞത് ചുണ്ടിൽ മാത്രമാണെന്ന് സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ പറയുന്നത് കാണാം. നേരത്തെ പറഞ്ഞ ആ ചാലിച്ച സങ്കടത്തിന്റെ മിക്സിങ്ങിൽ ഒരു ചെറിയ പിശകുണ്ട്.പെൺകുട്ടിയെ കൊതിച്ചവൾക്ക് വെറുതെ പോലും തരാനെന്റെ കയ്യിൽ അധികമില്ലെന്ന് ഞാൻ കരുതുമ്പോൾ കണ്ടോ എന്റെ മോനേ ഞങ്ങടെ തറവാട് നിലനിർത്താൻ വന്നതാണവനെന്ന് പറയാതെ പറയുന്ന മിക്സിങ് മിസ്റ്റേക്ക്..എന്തൊക്കെ പറഞ്ഞാലും ഒരാൺകുട്ടിയെ വേണമാരുന്നു നിനക്ക്.നാളെ പെങ്കുട്ട്യോളെ കല്യാണം കഴിച്ചയച്ചാലും കുടുംബം നോക്കാനൊരാങ്കുട്ടി വേണ്ടേ ”

ആഹാ !!! അപ്പൊ സെക്യൂരിറ്റി പണിക്കാണോ ആങ്കുട്ട്യോള് വേണമെന്ന് പറയുന്നതെന്റെ ദൈവങ്ങളെയെന്ന് ഞാനൊന്ന് മുകളിലേക്ക് നോക്കും… ഇതിനൊക്കെ എന്ത് മറുപടി പറയാനെന്ന് വളിച്ച ചിരിയോടെ ദൈവവും കൈ മലർത്തികാണിക്കും.മറുപടിയൊന്നും കൊടുക്കാതെ മിണ്ടാതെ നിന്നത് മര്യാദ കാണിച്ചതാണെന്ന് മനസ്സിലാക്കാതെ കേൾക്കാം അടുത്ത ഡയലോഗ്.ആരുടേയും ദുഷ്ടകണ്ണെത്താതെ വളർത്തി വലുതാക്കി ഇവറ്റൊളെയൊക്കെ പഠിപ്പിച്ച് കെട്ടിച്ച് ഇറക്കിവിടാൻ എന്തോരം കാശു വേണം

ഇനിയും മിണ്ടാതെ നിന്നാൽ ദൈവാനുഗ്രഹത്താൽ കിട്ടിയ കുട്ടികളെ തിരികെ അവരെന്റെ ഗർഭപാത്രത്തിലേക്ക് തിരുകികയറ്റുമോയെന്ന സംശയം എനിക്ക് തോന്നാതിരുന്നില്ല പെങ്കുട്ട്യോളായാലും ആങ്കുട്ട്യോളായാലും കുടുംബം നോക്കണമെന്നുള്ള സ്നേഹം കൂടി അവർക്ക് വേണ്ടേ ചേച്ചി.ഞാനെന്റെ മക്കൾക്ക് വയറുനിറയെ ഭക്ഷണം കൊടുക്കാറുണ്ട് അതുകൊണ്ട് വളരുന്നെങ്കിൽ വളരട്ടെ പിന്നെ ആങ്കുട്ട്യോൾക്ക് ചിലവ് കുറഞ്ഞ വളമോ പിണ്ണാക്കൊ മാത്രം കൊടുത്താമതിലോല്ലേ വളർന്നു പന്തലിക്കാൻ.ഈ പിണ്ണാക്കിന് എന്താവോ ഇപ്പൊ വില

ഇനിയും ചോദ്യങ്ങൾക്ക് കാത്തിരിക്കുന്ന കോടീശ്വരൻ പരിപാടിയിലെ മത്സരാർത്ഥിയെ പോലെ ഞാനിരുന്നെങ്കിലും കിട്ടേണ്ട ഉത്തരം കിട്ടികഴിഞ്ഞപ്പോൾ പുളിച്ച പഴങ്കഞ്ഞി കുടിച്ച ഭാവത്തോടെ ചോദ്യോത്തര പരിപാടി അവരവസാനിപ്പിക്കും.അല്ല പിന്നെ! എന്ത് സാഹചര്യം വന്നാലും ചങ്കുറപ്പോടെ നേരിടണമെന്നും നിങ്ങളാർക്കും താഴെയല്ല ഒപ്പത്തിനൊപ്പമാണെന്ന ധൈര്യം കൊടുത്തും മക്കളെ വളർത്തുന്ന ഞാനെന്തിന് ഇവരുടെ ആവലാതികൾ കേൾക്കണം.പിന്നെ ഭർത്താവിനോടും എന്നോടുമായി അച്ഛനുറങ്ങാത്ത വീടാണല്ലേ? ലേഡീസ് ഹോസ്റ്റലിന്റെ വാർഡൻ അവിടില്ലേ? എന്നൊക്കെ ചിരിയോടെ ചോദിക്കാറുണ്ട് ചിലർ.പെണ്മക്കളുള്ള വീട്ടിലെ ഉറങ്ങാത്ത അച്ഛനെ ഉറക്കാനും ഹോസ്റ്റലിന് പുതിയ വാർഡനുണ്ടോയെന്നും അന്വേഷിക്കുന്നവർ ഓർക്കണം ഇതെല്ലാം എന്ത് തമാശയാണ്.. ഈ തമാശ നിങ്ങളോടാണോ എങ്കിൽ ആസ്വദിക്കുമായിരുന്നോ എന്ന്.

ഇനിയുമൊരു കൂട്ടരുണ്ട് ആൺകുഞ്ഞിനെ മതിയെന്ന് പ്രാർത്ഥിക്കുന്ന ചില സ്ത്രീകൾ.. അവരുടെ പ്രാർത്ഥനയോടെയുള്ള പറച്ചിൽ കേൾക്കണം.എന്റെ മോനൊരു തിരി വച്ചൊരു കുഞ്ഞിനെ കൊടുക്കണേ ദൈവമേ..”കേട്ടിരിക്കുന്ന ദൈവമോർക്കുന്നുണ്ടാകും വിത്തുല്പാദനത്തിന് പാത്രങ്ങളൊന്നും കൊടുക്കാതെ ലോകത്തുള്ള സകലർക്കും ഈ തിരി വച്ചതിനെ മാത്രം കൊടുത്താൽ ഞാനിനി റീപ്രൊഡക്ഷന് കളിമണ്ണ് കുഴക്കാൻ വീണ്ടും പോകേണ്ടി വരുമോ എന്ന്..

പെൺകുഞ്ഞ് ജനിക്കാനുള്ള സംരംഭത്തിൽ കൂടിയ പങ്ക് ഉത്തരവാദിത്തവും മകനാണെങ്കിലും മരുമകൾക്കിട്ട് കുത്താൻ അശ്രാന്തപരിശ്രമം നടത്തുന്ന അമ്മമാരോട്.ഇങ്ങനെ ഇടക്കിടെ ഓർമ്മിപ്പിക്കാൻ ആമസോണിൽ ഓർഡർ ചെയ്തിട്ട് പ്രത്യേകം വരുത്തിച്ചതല്ല ഞങ്ങൾ മക്കളെ..കിട്ടിയത് വേണ്ടെന്ന് പറഞ്ഞ് ഓ എൽ എക്‌സിൽ ഇട്ട് വിൽക്കാനും പോകുന്നില്ല.മക്കളെ കിട്ടുന്നത് തന്നെ ദൈവനിയോഗമാണ് എത്രെയോ പേര് മക്കളില്ലാതെ വിഷമിച്ച് നേർച്ചയും പ്രാർത്ഥനയും ചികിത്സയുമായി കഴിയുന്നു..

ആൺകുഞ്ഞ് വേണമെന്നോ പെൺകുഞ്ഞ് വേണമെന്നോ ഇന്നത് മതിയെന്ന് തിരഞ്ഞെടുക്കാൻ നമുക്കെല്ലാം ഒരുപാധി കിട്ടാഞ്ഞത് നന്നായി അല്ലെങ്കിൽ ഇന്ന് പെൺകുഞ്ഞുങ്ങൾ വിരലിലെണ്ണാവുന്ന ലോകം നമുക്ക് മുൻപിൽ ഉണ്ടായേനെ..പെറാനും കുട്ടികളെ മുലയൂട്ടി വളർത്താനും മാത്രമല്ല ഒരേസമയം അഞ്ചാറ് ജോലികൾ എടുക്കാനും (അതിനി ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിൽ ഇരട്ടിയും) ആണിനൊപ്പം തന്റേടത്തോടെ ലോകത്തെ നേരിടാനും
ഇന്നത്തെ പെൺകുട്ടികൾ പഠിച്ചുകഴിഞ്ഞു.

എത്രെയോ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ കാര്യപ്രാപ്‌തിയിൽ കുടുംബം നോക്കുന്നു..വിശക്കുന്ന വയറിന് മുൻപിൽ ഞങ്ങൾ ആൺമക്കൾ കൊണ്ടുവന്നതേ കഴിക്കൂ എന്നാരും പറയാറില്ല.ആണായാലും പെണ്ണായാലും തലവരയിൽ വൃദ്ധസദനമോ വെള്ളമിറ്റിച്ചു തരാൻ പോലും ആരുമില്ലാതുള്ള മരണമോ എഴുതിയിട്ടുണ്ടെങ്കിൽ അത് നടന്നേ തീരു അതുകൊണ്ട് കുടുംബം നോക്കാനുള്ളവൻ അല്ലെങ്കിൽ തറവാട് നിലനിർത്താനുള്ളവനെന്ന ഫിക്സഡ് ഡെപ്പോസിറ്റ് ചിന്താഗതികൾ എടുത്ത് മാറ്റുന്നാകും നല്ല നാളേക്ക് നല്ലത്.

മൂന്ന് പെൺകുട്ടികൾ സ്വർഗ്ഗമാണെന്നും ആണായാലും പെണ്ണായാലും മക്കളെ ദൈവം തരുന്നതല്ലേ എന്നും ആണിനും പെണ്ണിനും ജീവിതച്ചിലവ് ഒന്നു തന്നെയെന്നും ചിന്തിക്കുന്ന നല്ല മനസ്സിനുടമകളും ഉണ്ടെന്ന് പ്രത്യേകമായി പറയുമ്പോഴും മകനെ കിട്ടാത്ത അസൂയയിൽ എഴുതിയതെന്ന് പറയുന്ന വിഡ്ഢികളും ഉണ്ടെന്ന് തന്നെ പറയണം പെൺകുട്ടികളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വിഷമവും ബുദ്ധിമുട്ടും നിങ്ങൾക്കെന്തിന്.പെണ്ണെന്നാൽ പൊന്ന് കിട്ടാനുള്ള വഴിയായി സ്ത്രീധനത്തിന് ആക്രാന്തം പിടിക്കുന്ന സ്വന്തം മനസ്സിനോട് ഒന്നും വേണ്ട നിങ്ങളുടെ മകളെ ഞങ്ങൾക്കിങ്ങ് മോളായി തന്നുകൂടെ എന്ന് ചോദിക്കാൻ പരിശീലിക്കൂ ഇപ്പോഴേ. പുതിയൊരു മാറ്റത്തിൽ നിങ്ങൾക്കും പങ്കാളിയാകാം.

താനൊരു പെണ്ണായതുകൊണ്ടല്ലേ മോനേ അല്ലെങ്കിൽ മോളെ കിട്ടിയതെന്നും.മോനൊരു പെണ്ണിനെ കിട്ടിയത് കൊണ്ടല്ലേ ഒരു പേരക്കുട്ടിയെ കിട്ടിയതെന്നും ഈ വേവലാതിപ്പെടുന്ന അമ്മമാർ ചിന്തിച്ചാൽ മതി അവിടെ തീർന്നു ഈ പരിഹാസം പെണ്ണ് തന്നെയാണ് അമ്മയും പെങ്ങളും ഭാര്യയുമെന്നു ആണ്മക്കളെ വിശദമായി പഠിപ്പിച്ചു വളർത്തിയാൽ തന്നെ ഒരുവിധത്തിൽ നിയന്ത്രിക്കാൻ പറ്റുന്ന സുരക്ഷാ പ്രശ്നമേ ഇന്ന് പെൺകുട്ടികൾക്കുള്ളു അമ്മയും പെങ്ങളും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന സ്വകാര്യതയേ വേറൊരു പെണ്ണിലുള്ളു എന്ന് പറഞ്ഞുകൊടുത്താൽ നിൽക്കും ഒളിഞ്ഞുനോട്ടവും അതോടെ പെണ്മക്കളെ വളർത്തുമ്പോൾ ഞങ്ങൾക്ക് പേടിയുണ്ടോയെന്ന് ആരും വിഷമിക്കേണ്ടിയും വരില്ല.

ഇതെഴുതിയത് പെണ്മക്കളെ പെറ്റൊരമ്മ എന്ന രീതിയിൽ ഞാനടക്കമുള്ള പല അമ്മമാരും ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന സന്ദർഭങ്ങളുടെ സാഹചര്യത്തിലാണ്..അനുഭവിച്ചവർക്കേ അവർ നടക്കുന്ന വഴിയുടെ ദൂരവും വഴിയിലെ മുള്ളുകൾ തരുന്ന നോവിന്റെ ആഴവും അറിയൂ.ആൺമക്കളുള്ള അമ്മമാരിൽ ചിലർ ഇതിന് മുൻപൊരിക്കൽ ഇത് വായിച്ച് ചോദിച്ചിട്ടുണ്ട് ഞങ്ങൾ പെൺകുട്ടികളെ ആഗ്രഹിച്ചിട്ടും ദൈവം തന്നിട്ടില്ല എന്ന് കരുതി ഞങ്ങൾക്ക് മക്കളെ കളയാൻ പറ്റുമോയെന്ന്?അതിനുള്ള ഉത്തരം ഇങ്ങനെയൊക്കെ കേൾക്കേണ്ടിവന്നിട്ടും ഞങ്ങൾ പെൺകുട്ടികളെ കളയാൻ സ്വപ്നത്തിൽ പോലും ചിന്തിക്കുന്നില്ലല്ലോ പിന്നെന്തിനീ ചോദ്യം..കളയാൻ വേണ്ടിയല്ലല്ലോ ഉണ്ടാക്കിയതും.

ഇങ്ങനെയൊക്കെ ജീവിതത്തിൽ പലതവണ കേൾക്കേണ്ടിവരുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്.നിങ്ങൾ അങ്ങനെയല്ലെങ്കിൽ വഴി മാറിപോകുക ഇങ്ങനെയുള്ളവരും ഉണ്ടെന്ന് പറയാൻ ഇങ്ങനൊരു എഴുത്ത് വേണമെന്ന് തോന്നിയത് കൊണ്ട് എഴുതിയതാണ്.കേടുകൂടാതെ മക്കളെ തന്ന ദൈവംതമ്പുരാന് നന്ദി പറഞ്ഞുകൊണ്ട് അവരെ നന്നായി വളർത്തി നന്മതിന്മകൾ തിരിച്ചറിയുന്ന ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ കൈപിടിച്ചുയർത്താൻ ആയുസ്സും ആരോഗ്യവും തരണേ എന്ന് പ്രാര്ഥിക്കുന്നൊരമ്മയാണ്.ഈ കഥയിലെ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല ഞാൻ തന്നെയല്ലേ.എന്റെ മനസ്സ് തന്നെയല്ലേ എന്ന് തോന്നിയെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.

കടപ്പാട് : ലിസ് ലോന

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here